ദുബൈ: ലോകത്തെ ശതകോടി ദരിദ്രരിലേക്ക് അന്നമെത്തിക്കുന്ന ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് സംഭാവന നൽകുന്നത് പ്രോത്സാഹിപ്പിക്കാൻ ദുബൈ പൊലീസ്. ഇതിന്റെ ഭാഗമായി ഇഫ്താർ പീരങ്കി വിഭാഗം ഒരുക്കുന്ന പ്രതിദിന തത്സമയ സംപ്രേഷണത്തിനിടെ 10 ലക്ഷം ദിർഹമോ അതിൽ കൂടുതലോ സംഭാവന ചെയ്യുന്നവരുടെ പേര് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യു.എ.ഇയിലെ ജീവകാരുണ്യ സംരംഭങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. റമദാനിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി ‘വൺ ബില്യൺ മീൽസ്’ മുൻവർഷത്തേതിന്റെ തുടർച്ചയായാണ് ഇത്തവണയും പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക.
3,20,868 വ്യക്തികളും സ്ഥാപനങ്ങളുമാണ് കഴിഞ്ഞ വർഷം സംഭാവന നൽകിയത്. കാമ്പയിൻ സമാരംഭിച്ച് ഒരു മാസത്തിനുള്ളിൽ കഴിഞ്ഞതവണ ലക്ഷ്യത്തിലെത്തിയിരുന്നു. ഫലസ്തീൻ, ലബനാൻ, ജോർഡൻ, സുഡാൻ, യമൻ, തുനീഷ്യ, ഇറാഖ്, ഈജിപ്ത്, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഭക്ഷണപൊതികൾ കഴിഞ്ഞതവണ എത്തുകയുണ്ടായി. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു.
ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 10 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.