ഒരുപാട് പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിട്ട കഴിഞ്ഞ വർഷത്തെ നോമ്പുകാലം എങ്ങനെ മറക്കാൻ കഴിയും. ഉമ്മമാർ എന്ന ഭൂമിയിലെ സ്വർഗങ്ങളെ അടുത്ത് കിട്ടിയ റമദാനായിരുന്നു കഴിഞ്ഞുപോയത്. പേക്ഷ, ആശ്വാസത്തേക്കാളേറെ ആശങ്കകളായിരുന്നു കൂട്ടിനുണ്ടായിരുന്നത്. സന്ദർശക വിസയിൽ അവരെ യു.എ.ഇയിൽ എത്തിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് കോവിഡ് ലോകമെങ്ങും കാട്ടുതീ പോലെ ആളിപ്പടർന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രവാസികളാകെ ആശങ്കയിലായിപ്പോയ ദിനങ്ങൾ.
നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് സ്വപ്നം എന്നപോലെ കാത്തിരുന്ന പ്രവാസികളിൽ ഞങ്ങളുടെ ഉമ്മമാരുമുണ്ടായിരുന്നു (എെൻറയും ഭർത്താവ് ആരിഫിെൻറയും ഉമ്മമാരായ മെഹദിന്നിസയും ജമീലയും). ലോക്ഡൗൺ നീട്ടുന്നതിെൻറ വാർത്തകൾ കേൾക്കുന്തോറും മാനസിക സംഘർഷം ഏറിവന്നു. നാട്ടിൽ എത്താൻ കഴിയാതെയുള്ള മാനസിക വിഭ്രാന്തി മാസങ്ങളോളമാണ് നീണ്ടുനിന്നത്. ഒരു ദിവസം പോലും മുടക്കാൻ കഴിയാത്ത മരുന്ന് തീർന്നിട്ടും ആകാശവാതിലുകൾ തുറക്കുന്നതും നോക്കി ബറാഅത്തും കഴിഞ്ഞ് നോമ്പുകാലത്തേക്കും നീണ്ടു ഉമ്മമാരുടെ കാത്തിരിപ്പ്.
മഹനീയ മാസമായ റമദാൻ അഗതമായതോടെ ആശങ്ക കൂടി. വീട്ടിൽ വാപ്പമാരെ തനിച്ചിട്ട് പോന്ന ഉമ്മമാർ കടുത്ത നൈരാശ്യത്തോടെയായിരുന്നു അന്ന് റമദാനെ വരവേറ്റത്. ആ റമദാൻ ദിനങ്ങൾ മസ്തിഷ്കത്തിൽനിന്നും തുടച്ചുനീക്കാനാവാത്ത ഓർമകൾ എന്നുതന്നെ പറയാം. തീവ്രമായ ചില വൈകാരിക നിമിഷങ്ങൾ മായാതെ മനസ്സിൽ തിങ്ങിനിൽക്കും എന്നപോലെ ആ കൊറോണ നോമ്പ് കാലത്തെ സ്മരിക്കാതെ വയ്യ.പതിവു പള്ളി നോമ്പുതുറകൾ ഇല്ലാതെ വീട്ടിനുള്ളിൽ ഒറ്റപ്പെട്ടുപോയ വാപ്പമാരെ ഓർത്ത് വിഷമിച്ചു കഴിച്ചുകൂടിയ ഒരു റമദാൻ മാസമായിരുന്നു അത്.
അയൽവാസിപ്പലഹാരങ്ങൾ ഇല്ലാത്ത, ഒരുമിച്ചുകൂടലോടെയുള്ള ഇഫ്താർ ഇല്ലാത്ത, 60 വർഷത്തെ ജീവിതത്തിൽ ആദ്യമായനുഭവിച്ച നോമ്പുകാലം. അടച്ചിട്ട കിളികളെ പോലെയായിരുന്നു ഉമ്മമാർ. നാട്ടിലെ വെള്ളരി ചോറില്ലാതെ, നാട്ടിലെ മീനും കറിക്കൂട്ടും ഒന്നിനും പകരമാവില്ലെന്ന പരാതിയോടും പരിഭവത്തോടും കൂടിയ അത്താഴം കഴിക്കലുകൾ. ലോകമെങ്ങും കരയുന്ന വേളയിൽ ഇഫ്താർ വിഭവങ്ങൾക്ക് പ്രസക്തിയില്ലെന്നു പറഞ്ഞ് എണ്ണപ്പലഹാരങ്ങൾ തീന്മേശയിൽ നിറച്ചുവെക്കാതെ പോയ നോമ്പ് കാലമായിരുന്നു.
പലഹാര സമൃദ്ധമാവാറുള്ള ആ തീൻമേശ നാരങ്ങവെള്ളത്തിലും ഫ്രൂട്ട്സിലുമൊക്കെ ഒതുങ്ങി.മരുന്നു കിട്ടാതെ ശ്വാസം മുട്ടും കൊളസ്ട്രോളുമൊക്കെയായി വളരെ ബുദ്ധിമുട്ടിയ അവസ്ഥയിൽ ദൈവം സൃഷ്ടിച്ച നന്മയുടെ ഉറവ വറ്റാത്ത ചിലർ മരുന്ന് തന്നു സഹായിച്ചതും കഴിക്കുന്ന കമ്പനിതന്നെ വേണമെന്ന മനസ്സിെൻറ വാശികളെ മാറ്റി പിടിപ്പിച്ചതുമായ നോമ്പ്കാലം. ഭക്ഷണവും മരുന്നുമെല്ലാമായി സഹായഹസ്തങ്ങൾ പാവം പ്രവാസികളിലേക്ക് എത്തിച്ച സംഘടനകളെ വാഴ്ത്താതെ വയ്യ. സൗകര്യം അധികമായ ധാരാളിത്തം നിറഞ്ഞ ജീവിത ശൈലിയിൽ നിന്നും മാറിച്ചിന്തിക്കാൻ പഠിപ്പിച്ച ആയുസ്സിലെ ആദ്യത്തെ നോമ്പുകാലമായിരുന്നു അത്. വിശപ്പ് പഴമയുടെ ഭാഗമായിരുന്നു എന്ന ഒരു ഓർമപ്പെടുത്തൽ റമദാനിൽ പലർക്കും അനുഭവമായുണ്ടായിരുന്നു.
അനാരോഗ്യ ശീലം ഒഴിവാക്കാൻ ശ്രമിച്ച കാലമായിരുന്നു. മനസികവും ശാരീരികവും ആത്മീയവുമായ ശുദ്ധിവരുത്താൻവേണ്ടി ദൈവം ഓർമപ്പെടുത്തിയ കാലം. ബന്ധസൗഹൃദങ്ങളുടെ കൂടെ നോമ്പു തുറക്കാൻ കഴിയാതെ പോയൊരു നോമ്പുകാലം. ഉമ്മമാർ ടി.വി കാണുന്നത് വിമാനവിലക്ക് നീക്കിയോ എന്നറിയാൻ വേണ്ടിയായിരുന്നു. കേന്ദ്ര സർക്കാറിെൻറ ഒരു തീരുമാനത്തിനായി അവർ ഇത്രയേറെ കാത്തിരുന്ന വേറൊരു നാൾ ഉണ്ടായിട്ടില്ല. ലോക്ഡൗൺ നീട്ടലും കുറക്കലും നോക്കിയിരുന്ന്, എംബസിയിൽ രജിസ്റ്റർ ചെയ്ത്, അവരുടെ ഫോൺ വിളിക്കായി കാത്തിരുന്ന ദിനങ്ങൾ എങ്ങനെ മറക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.