ഷാർജ: അടുത്ത വർഷം ജനുവരി ഒന്നുമുതല്‍ അല്‍ദൈദിലെ പൊതുപാര്‍ക്കിങ് സ്ഥലങ്ങളില്‍ നിരക്ക് ഈടാക്കാൻ തീരുമാനിച്ച് അല്‍ദൈദ് സിറ്റി മുനിസിപ്പാലിറ്റി. 1900 പൊതുപാര്‍ക്കിങ് ഇടങ്ങളാണ് അൽദൈദിലുള്ളത്. ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റിയുമായി കൈകോർത്താണ് പാര്‍ക്കിങ് നിരക്ക് നിശ്ചയിക്കുക.
രാവിലെ എട്ടുമുതല്‍ രാത്രി 10 വരെയായിരിക്കും പാർക്കിങ് ഫീസ് നൽകേണ്ടത്. വെള്ളിയാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമായി തുടരും. പൊതുപാർക്കിങ് ലഭ്യത വര്‍ധിപ്പിക്കുക, പാര്‍ക്കിങ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക, നഗരസൗന്ദര്യം നിലനിര്‍ത്തുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ദൈദ് സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് റാഷിദ് അല്‍ തുനൈജി പറഞ്ഞു. നീല അടയാള ചിഹ്നങ്ങളില്‍ രേഖപ്പെടുത്തിയ പാര്‍ക്കിങ് മേഖലകളില്‍ എല്ലാ ദിവസവും നിരക്ക് ഈടാക്കും.
പാര്‍ക്കിങ് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍ അല്‍ദൈദ് മുനിസിപ്പാലിറ്റിയെ പിന്തുണച്ചിരുന്നതായി ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടര്‍-ജനറല്‍ ഉബൈദ് സഈദ് അല്‍ തുനൈജി പറഞ്ഞു.
പാര്‍ക്കിങ് നിരക്ക്, സമയം എന്നിവയിലെ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നതിന് ഏഴു വലിയ അടയാള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി 161 ചെറിയ ബോര്‍ഡുകളും നാണയങ്ങള്‍ ഉപയോഗിച്ച് പാർക്കിങ് ഫീസ് അടക്കാന്‍ 19 ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
എസ്.എം.എസ്, ഷാര്‍ജ ഡിജിറ്റല്‍ ആപ്, മവാഖിഫ് ആപ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവ മുഖേനയും പാര്‍ക്കിങ് നിരക്കുകള്‍ അടക്കാം. പൊതുപാര്ക്കിങ്ങുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ സർവേ വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും അല്തുനൈജി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.