ആയിഷ ദുആയും മാതാപിതാക്കളും 

ഇളംപൈതലി​െൻറ വേർപാടിൽ നൊമ്പരവുമായി മാതാപിതാക്കള്‍

അജ്​മാന്‍: മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മക്കള്‍ വിടപറയുമ്പോഴുണ്ടാകുന്ന നൊമ്പരം പേറുകയാണ് മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ ഫസല്‍-സുമയ്യ തസ്​നീം ദമ്പതികള്‍.

കരിപ്പൂരിലുണ്ടായ വിമാനാപകടമാണ് മകൾ ആയിഷ ദുആയെ കൊണ്ടുപോയത്. ഒരു വര്‍ഷം പിന്നിടുമ്പോഴും രണ്ട് വയസ്സുകാരിയുടെ ഓർമകള്‍ ഇവരെ കണ്ണീരിലാഴ്ത്തുന്നു.

സുമയ്യ തസ്​നീമും ആയിഷ ദുആയും 2020 ഫെബ്രുവരിയില്‍ വിസിറ്റിങ്​ വിസയില്‍ എത്തിയതായിരുന്നു യു.എ.ഇയില്‍. വിവാഹത്തിന്​ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവർക്ക്​ മകൾ പിറക്കുന്നത്. പൊന്നുമോളെ താലോലിച്ച് കൊതിതീരാത്തതിനാലാണ് യു.എ.ഇയിലെ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഫസല്‍ മകളെയും ഭാര്യയേയും വിസിറ്റ് വിസയില്‍ കൊണ്ടുവന്നത്. കുടുംബം വിസിറ്റ് വിസയിലെത്തി അധികം പിന്നിടുമ്പോഴേക്കും കൊറോണ പ്രതിസന്ധി രൂക്ഷമായി.

മേയില്‍ വിസ തീരുമെങ്കിലും പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ വിസ കാലാവധി നീട്ടി നല്‍കിയത് അനുഗ്രഹമായിട്ടാണ് കുടുംബം കരുതിയത്. ഇടക്ക് രണ്ടുവട്ടം കുടുംബത്തെ നാട്ടിലേക്ക്​ അയക്കാന്‍ കരുതിയതാണെങ്കിലും മാറ്റിവെച്ചു. വിസിറ്റ് വിസയില്‍ വന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ വരെ കാലാവധി നീട്ടി നല്‍കിയിരുന്നെങ്കിലും യു.എ.ഇയില്‍ കൊറോണ പ്രതിസന്ധിയുടെ ആഘാതം കുറഞ്ഞതിനെ തുടര്‍ന്ന് കാലാവധി ആഗസ്​റ്റ്​ പത്തു വരെയാക്കിയിരുന്നു. തുടര്‍ന്നാണ്‌ മകളെയും ഭാര്യയേയും പെ​െട്ടന്ന് നാട്ടിലയക്കാന്‍ ഫസല്‍ തീരുമാനിച്ചത്.

സീറ്റ് നമ്പര്‍ 2 എ യിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. വിമാനത്തില്‍ കയറിയയുടൻ ഉറങ്ങിപ്പോയ ആയിഷ ലാൻഡിങ്ങിന്​ കുറച്ചു മുമ്പാണ്​ ഉണര്‍ന്നത്. അടുത്ത സീറ്റിലിരുന്ന ജാനകി ചേച്ചി (ഇവരും അപകടത്തില്‍ മരിച്ചിരുന്നു) യുമായി കളിചിരിയുമായി കഴിയുകയായിരുന്നു കുഞ്ഞ്. റണ്‍വേ 28ല്‍ ഇറങ്ങാൻ ശ്രമിച്ച വിമാനം അതിന് കഴിയാതെ വീണ്ടും ഉയര്‍ന്ന് റണ്‍വേ 10 ല്‍ ലാൻഡിങ്ങിന്​ ശ്രമിക്കുകയായിരുന്നു. അപ്പോഴും വേഗം കുറഞ്ഞില്ലെന്നും പെ​ട്ടെന്ന്​​ ഊഞ്ഞാല്‍ പൊട്ടിവീഴുന്നതു പോലെ വിമാനം താഴേക്ക് പതിക്കുകയായിരുന്നെന്ന് സുമയ്യ തസ്നീം ഓര്‍ക്കുന്നു. അപകടത്തില്‍ അബോധാവസ്ഥയിലായിപ്പോയ സുമയ്യയെ മരിച്ചെന്ന് കരുതി നാട്ടുകാരാണ് മിനി ലോറിയുടെ പിറകില്‍ കിടത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയശേഷമാണ് സുമയ്യക്ക് ബോധം വീണ്ടുകിട്ടുന്നത്. കാലിനായിരുന്നു കാര്യമായി പരിക്ക്​. അതോടൊപ്പം തലയിലും പുറത്തും കൈക്കും പരിക്കേറ്റിരുന്നു. ഒരു വര്‍ഷത്തെ നീണ്ട ചികിത്സ പിന്നിടുമ്പോഴും സുമയ്യ ശാരീരികവും മാനസികവുമായ പരിക്കില്‍നിന്ന്​ മോചിതയായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പ്രത്യേക അനുമതി വാങ്ങി ഫസല്‍ സുമയ്യയെ വീല്‍ചെയറില്‍ യു.എ.ഇയിലേക്ക് കൊണ്ടുവരുകയായിരുന്നു.

സുമയ്യയുടെ കാൽമുട്ടിന് ഒരു ശസ്ത്രക്രിയ കൂടിയുണ്ട്. നാടിനെ നടുക്കിയ വിമാന ദുരന്തത്തില്‍ ഒരുപാടു പേര്‍ക്ക് പലതും നഷ്​ടമായി. എന്നാല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ലഭിച്ച നിധി നഷ്​ടപ്പെട്ട തീരാദുഃഖവും പേറി നാളുകള്‍ തള്ളിനീക്കുകയാണ് ദമ്പതികള്‍.

Tags:    
News Summary - Parents grieve over the separation of a young child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT