ദുബൈ: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ നാട്ടിൽനിന്ന് ഹജ്ജിന് പോകാൻ അവസരം ലഭിച്ചവർ ഏപ്രിൽ 24ന് മുമ്പായി പാസ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ജൂൺ മൂന്നാം വാരത്തിലാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകുന്നതെങ്കിലും രണ്ടരമാസം മുമ്പുതന്നെ നാട്ടിലെത്തി യാത്രാ നടപടികൾക്കായി പാസ്പോർട്ട് കൈമാറണമെന്നാണ് നിർദേശം. എന്നാൽ, ഇത് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് വിവിധ കൂട്ടായ്മകളും ഹജ്ജിന് അവസരം ലഭിച്ചവരും ചൂണ്ടിക്കാണിക്കുന്നു. പ്രവാസികൾക്ക് ഇളവ് അനുവദിക്കണമെന്നും ആവശ്യമുയരുന്നു. ഇത്തവണ ഹജ്ജിന് പോകുന്നവർ ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്പോർട്ട് മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്നാണ് ഹജ്ജ് കമ്മിറ്റി നിർദേശം. മേയ് 26ന് തുടങ്ങി ജൂൺ ഒമ്പതുവരെയാണ് ഇത്തവണ ഇന്ത്യയിൽനിന്നുള്ള ഹജ്ജ് വിമാനങ്ങൾ യാത്ര പുറപ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ കേരളത്തിൽനിന്നുള്ള ഷെഡ്യൂളും ആരംഭിക്കും.
ഹജ്ജ് കഴിഞ്ഞ് ജൂലൈ ഒന്നുമുതൽ 21 വരെയാണ് മടക്കയാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം പാസ്പോർട്ട് സമർപ്പിക്കാനായി ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസി ഹാജിമാർ രണ്ടരമാസമെങ്കിലും ജോലിയിൽനിന്ന് അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്നതാണ് വെല്ലുവിളി. ഇത്, സർക്കാർ-സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചടിയാകും. നിലവിൽ ഇന്ത്യൻ ക്വോട്ടയിലൂടെ മാത്രമേ പ്രവാസികൾക്ക് ഹജ്ജിന് പോകാൻ സാധിക്കൂന്നുള്ളൂ. വിവിധ ഗൾഫ് രാജ്യങ്ങളിൽ അപേക്ഷിക്കാൻ ഓപ്ഷനുണ്ടെങ്കിലും ഹജ്ജ് അവസരം കിട്ടുന്നത് അപൂർവമാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നൽകുകയും നറുക്കെടുപ്പിൽ അവസരം ലഭിക്കുകയും ചെയ്തവർ ഇതിനകം ആദ്യഗഡു പണം അടച്ചുകഴിഞ്ഞു. വിദേശത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് പൊതുവെ ലഭിക്കുന്ന അവധി 30 മുതൽ 40 ദിവസം വരെയാണ്. ദിവസങ്ങളോളം അവർക്ക് ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നത് ജോലിയെ ബാധിക്കുമെന്ന നിലയിലാണ് കാര്യങ്ങൾ.
ദുബൈ: ഈ വർഷം ഹജ്ജിന് അവസരം ലഭിച്ച പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പാസ്പോർട്ട് നൽകുന്ന രീതിയിൽ മാറ്റംവരുത്തണമെന്ന് ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. ഇ-വിസ സൗകര്യം ലഭ്യമായതിനാൽ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പിങ് ആവശ്യമില്ല എന്നതിനാൽ തീർഥാടകർ ഒറിജിനൽ പാസ്‌പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണമെന്ന നിലവിലെ നടപടിക്രമത്തിൽ മാറ്റംവരുത്തുകയോ പാസ്‌പോർട്ട് സമർപ്പിക്കൽ രീതി ഒഴിവാക്കുകയോ യാത്രാ കാലാവധിക്കനുസരിച്ച് സമയക്രമത്തിൽ മാറ്റംവരുത്തുകയോ വേണമെന്ന് ഐ.സി.എഫ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി അധികാരികൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.