ദുബൈ: പാസ്പോർട്ടും ബോർഡിങ് പാസും കൈയിൽ കരുതാതെ വിമാനയാത്ര ദുബൈയിൽ യാഥാർഥ്യമാകുന്നു. പുതിയ ബയോമെട്രിക് സംവിധാനം നിലവിൽ വരുന്നതോടെ തിരിച്ചറിയൽ രേഖയായി മുഖം മാത്രം മതി. ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകുന്നവർക്കാണ് സേവനം ലഭിക്കുക. മുഖവും കണ്ണും സ്കാൻ ചെയ്യുന്നതോടെ വ്യക്തികളുടെ സകല വിവരങ്ങളും വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകളിൽ തെളിയും. ഇതോടെ ബോർഡിങ് പാസ് പോലുമില്ലാതെ ഗേറ്റ് കടന്നുപോകാൻ കഴിയും. രണ്ടു വർഷമായി ദുബൈ വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഒരു രേഖയും കൈയിൽ കരുതാതെ യാത്ര സാധ്യമാകുന്നതാണ് യാഥാർഥ്യമാകാൻ പോകുന്നത്. ഇമാറാത്തി പൗരന്മാർക്കും പ്രവാസികൾക്കുമെല്ലാം ഈ സംവിധാനം പ്രയോജനപ്പെടുത്താം.
ജി.ഡി.ആർ.എഫ്.എയിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഇത് പൂർണമായും ഉപയോഗപ്പെടുത്താൻ കഴിയും. നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. യാത്രക്കാരുടെ സമയം ലാഭിക്കാനും തിരക്കൊഴിവാക്കാനും ഇത് ഉപകരിക്കും. പാസ്പോർട്ടിൽ സ്റ്റാമ്പ് പതിക്കുന്നതും ഇതോടെ ഒഴിവാകും. എന്നാൽ, ചില രാജ്യങ്ങളിൽ പാസ്പോർട്ടിൽ സ്റ്റാമ്പ് പതിക്കുന്നത് ഇപ്പോഴും നിർബന്ധമാണ്. ഇത്തരക്കാർക്ക് അധികൃതരോട് ആവശ്യപ്പെട്ടാൽ സ്റ്റാമ്പ് ചെയ്ത് കൊടുക്കും. ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം 1.2 കോടി യാത്രക്കാർ ഇത് ഉപയോഗപ്പെടുത്തി.
ആഴ്ചയിൽ എല്ലാ ദിവസവും
ദുബൈ: വിസ സംബന്ധമായ ആവശ്യങ്ങൾക്ക് പ്രവർത്തിക്കുന്ന അൽ അവീർ എമിഗ്രേഷന്റെ ഓഫിസ് സേവനം രാവിലെ ആറു മുതൽ ലഭ്യമാവും. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്.
ഇവിടത്തെ പബ്ലിക് സർവിസ് സെക്ഷൻ എല്ലാം ദിവസവും പ്രവർത്തിക്കുമെന്നും രാത്രി 10 വരെ സേവനങ്ങൾ ലഭ്യമാകുമെന്നും വകുപ്പ് വ്യക്തമാക്കി. ഉപയോക്താക്കൾക്ക് കൂടുതൽ സമയം സേവനങ്ങൾ ലഭ്യമാക്കാനാണ് പ്രവർത്തന സമയം നീട്ടിയതെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
എന്നാൽ, ജാഫ്ലിയയിലെ ജി.ഡി.ആർ.എഫ്.എ പ്രധാന ഓഫിസിന്റെ പ്രവൃത്തിസമയം രാവിലെ 7.30 മുതൽ രാത്രി ഏഴു വരെയാണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 12 വരെയും ഉച്ചക്ക് 2.30 മുതൽ ഏഴു വരെയും പ്രവർത്തിക്കും. സന്ദർശകരുടെയും താമസക്കാരുടെയും വിസസംബന്ധമായ വിവിധ ക്ലിയറൻസുകൾ കൈകാര്യംചെയ്യുന്ന പരിഹാര വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
അത്തരം സേവനങ്ങൾ ആവശ്യമുള്ള ഉപഭോക്താവിന് ഇവിടെ എത്തി നടപടികൾ പൂർത്തിയാക്കി വേഗത്തിൽ മടങ്ങാം. അടിയന്തര വിസ സേവനങ്ങൾക്കായി ദുബൈ എയർപോർട്ട് ടെർമിനൽ മൂന്നിലെ അറൈവൽ ഭാഗത്തെ ജി.ഡി.ആർ.എഫ്.എ ഓഫിസിനെ സമീപിക്കാം. ആഴ്ചയിൽ എല്ലാം ദിവസവും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും. ടോൾഫ്രീ നമ്പറായ 8005111ൽ വിളിച്ചാലും സേവനങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.