അൽഐൻ: വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽ കണ്ട് നാട്ടിലെത്തിയ പ്രവാസികളുടെ മടക്കയാത്രക്ക് ആശ്വാസമേകി വിമാനനിരക്ക് കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ വർധിപ്പിച്ച വിമാനയാത്ര നിരക്കാണ് കുറഞ്ഞത്. ക്രിസ്മസ് ആഘോഷത്തിനായി നാട്ടിൽ പോയവർ തിരികെ വരുന്നതും പ്രതീക്ഷിച്ച് ഡിസംബർ 26 മുതൽ ഉയർന്ന നിരക്കാണ് ആഴ്ചകൾക്ക് മുന്നേ വിമാന കമ്പനികൾ ഈടാക്കിയിരുന്നത്.
1000 ദിർഹമിനു മുകളിലേക്ക് ആയിരുന്നു മുഴുവൻ വിമാന കമ്പനികളും ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാൽ, എയർ ഇന്ത്യ എക്സ് പ്രസ് അടക്കമുള്ള വിമാന കമ്പനികൾ അടുത്ത ദിവസങ്ങളിൽ 570 ദിർഹം മുതൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്നും ഷാർജയിലേക്കും ദുബൈയിലേക്കും ടിക്കറ്റുകൾ ലഭ്യമാക്കി തുടങ്ങി. ആഴ്ചകൾക്ക് മുന്നേ ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്തവരാണ്.
ഡിസംബർ 29, 30, 31 ദിവസങ്ങളിൽ 575 ദിർഹം മുതൽ കോഴിക്കോട് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റുകൾ ലഭ്യമാണ്. അതേസമയം, ഡിസംബർ 29ന് കണ്ണൂരിൽനിന്ന് ഷാർജയിലേക്ക് 500 ദിർഹമിന് താഴെ നൽകിയാൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് 800 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. എന്നാൽ, ജനുവരി ഒന്ന് മുതൽ ടിക്കറ്റ് നിരക്ക് വീണ്ടും 1000 കടക്കുന്നുണ്ട്. കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും 1050 ദിർഹം നൽകിയാൽ നിലവിൽ ജനുവരി ആദ്യ ദിനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഈ റൂട്ടുകളിൽ ഈ സമയത്ത് ആഴ്ചകൾക്കു മുന്നേ 1500 ദിർഹമിന് മുകളിലായിരുന്നു വിവിധ വിമാന കമ്പനികൾ ഈടാക്കിയിരുന്നത്.
കോഴിക്കോട് നിന്നും കണ്ണൂരിൽനിന്നും യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് വരും ദിവസങ്ങളിൽ സർവിസ് നടത്തുന്ന വിമാനങ്ങളിൽ ടിക്കറ്റുകൾ കാര്യമായി വിറ്റു പോയിട്ടില്ല എന്നാണ് കേരളത്തിലെ വിവിധ ട്രാവൽ ഏജൻസികൾ പറയുന്നത്. അതിനാൽ തന്നെ വരും ദിനങ്ങളിൽ ടിക്കറ്റ് നിരക്ക് ഇനിയും കുറയുമെന്നാണ് അവർ പറയുന്നത്.
ശൈത്യകാല അവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറക്കുന്നത് ജനുവരി രണ്ടിനാണ്. ജനുവരി ആദ്യവാരവും കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. ജനുവരി ആദ്യവാരം കേരളത്തിൽനിന്നും യു.എ.ഇയിലേക്ക് 1500 ദിർഹമിന് മുകളിലായിരുന്നു വിവിധ വിമാന കമ്പനികൾ ആഴ്ചകൾക്കു മുന്നേ ഈടാക്കിയിരുന്നത്. അതും ഈ അടുത്ത ദിവസങ്ങളിൽ 1000-1200 ദിർഹമായി കുറച്ചിരിക്കുകയാണ്. അടുത്ത ദിനങ്ങളിൽ ഇതിലും കുറയുമെന്നാണ് ട്രാവൽ ഏജൻസികളുടെ പ്രതീക്ഷ.
ശൈത്യകാല അവധിയും ക്രിസ്മസും പുതുവത്സരാഘോഷവും മുന്നിൽക്കണ്ട് ആഴ്ചകൾക്കു മുന്നേ വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കിയതിനാൽ പല പ്രവാസികളും യാത്ര വേണ്ടെന്ന് വെച്ചിരുന്നു. അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയ പലരും തിരികെയുള്ള ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തവരാണ്. ഡിസംബർ ആദ്യവാരങ്ങളിൽ യു.എ.ഇയിൽ നിന്നും കേരളത്തിലേക്ക് ഇതുപോലെ ഉയർന്ന നിരക്ക് ഈടാക്കിയിരുന്നത് ചില വിമാന കമ്പനികൾ പെട്ടെന്ന് കുറച്ചത് പ്രവാസികൾക്ക് ആശ്വാസമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.