ടി.എ. അബ്ദുൽ സമദ്
അബൂദബി: തലസ്ഥാന റോഡുകളിൽ ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം വർധിച്ചതിനെ തുടർന്ന് നിരത്തുകളിൽ നിയന്ത്രണങ്ങളുമായി അബൂദബി പൊലീസ്. ഒപ്പം, ഇലക്ട്രിക് ബൈക്കുകളെ പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങളും മുന്നോട്ടുവെച്ചു. ഇതിന് ഒമ്പത് സർക്കാർ ഏജൻസികളുടെ സാന്നിധ്യത്തിൽ പ്രത്യേക ശിൽപശാലയും നടത്തി.
ഇലക്ട്രിക് ബൈക്ക് ഉടമസ്ഥരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളോടെയാണ് കർശന നിയന്ത്രണം നടപ്പാക്കുന്നതെന്ന് അബൂദബി പൊലീസ് ട്രാഫിക് എൻജിനീയറിങ് റോഡ് സുരക്ഷ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ മുസല്ലം അൽ ജുനൈബി പറഞ്ഞു.
മോട്ടോർ സൈക്കിൾ യാത്രക്ക് അനുവദിക്കാത്ത റോഡുകളിൽ അവയുടെ ഉപയോഗം തടയുക, ഉപയോഗത്തിന് സുരക്ഷ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ക്രമീകരിക്കുക, ടൂറിസം മേഖലകളിൽ ഇത്തരം ബൈക്ക് വിതരണം ചെയ്യുക, സുരക്ഷിത ഗതാഗതത്തിന് ഡ്രൈവിങ് പരിമിതപ്പെടുത്തുക, ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്ന പ്രദേശങ്ങളിലെ റോഡുകൾ മെച്ചെപ്പെടുത്തുക എന്നീ നിർദേശങ്ങളും ശിൽപശാലയിൽ ഉരുത്തിരിഞ്ഞതായി അൽ ജുനൈബി ചൂണ്ടിക്കാട്ടി.
അബൂദബി റോഡുകളിൽ സൈക്കിളിനും മോട്ടോർ സൈക്കിളിനുമിടയിലെ ഹൈബ്രിഡ് രൂപമായ ഇലക്ട്രിക് ബൈക്കുകളുടെ വ്യാപനം വർധിച്ചു. കാൽനടയാത്രക്കു പകരം ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറുന്നു. ബൈക്കിനോട് സാമ്യമുള്ളതാണ് ഇലക്ട്രിക്ക് മോട്ടോർ ബൈക്കുകളെങ്കിലും ഇതിൽ നമ്പർപ്ലേറ്റ് ഘടിപ്പിക്കുന്നില്ല. ഏഷ്യൻ രാജ്യങ്ങളിലെ ആളുകളാണ് ഉപയോക്താക്കളിൽ അധികവും. ഇലക്ട്രിക് സൈക്കിൾ ഉപയോഗിക്കുന്നവരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഭീഷണിയാവുംവിധം അപകടവും വർധിച്ചു.
മറ്റു യാത്രക്കാരെയും ചരക്കുകളും കൊണ്ടുപോകാനുള്ള യാത്രാമാർഗമായി ഇവ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് അപകടം കൂടിയത്. ചിലർ പൊതുറോഡുകളിൽ മറ്റു മോട്ടോർ വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതും ക്രോസിങ് ലൈനുകൾ ശ്രദ്ധിക്കാത്തതും അപകടമുണ്ടാക്കുന്നുണ്ട്. ഫെഡറൽ ട്രാഫിക് നിയമത്തിൽ ഇലക്ട്രിക് ബൈക്കുകളെയും സ്കൂട്ടറുകളെയും 'വാഹനങ്ങൾ' എന്നാണ് നിർവചിച്ചിരിക്കുന്നതെന്നും അതിനാൽ മോട്ടോർ വാഹനങ്ങൾ പാലിക്കേണ്ട എല്ലാ ചട്ടങ്ങളും അവക്കും ബാധകമാണെന്നും അൽ ജുനൈബി ചൂണ്ടിക്കാട്ടി. ഇലക്ട്രിക് ബൈക്കുകൾ പൊലീസ് നിരീക്ഷിക്കുകയും നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.
ഇവ ശ്രദ്ധിക്കാം:
ഇലക്ട്രിക് സൈക്കിളുകൾക്കായുള്ള പാതകളിൽ മാത്രം ഓടിക്കുക, രാത്രിയിൽ വാഹനമോടിക്കുമ്പോൾ റിഫ്ലക്ടിവ് വസ്ത്രം ധരിക്കുക, സുരക്ഷ ഹെൽമറ്റ് ധരിക്കുക, നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം സൈക്കിളുകൾ നിർത്തുക, റോഡ് ഗതാഗതം, കാൽനടക്കാർ എന്നിവർക്ക് തടസ്സമുണ്ടാക്കുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാതിരിക്കുക, തെരുവുവിളക്ക് കാലുകളിലും ട്രാഫിക് ചിഹ്നങ്ങളുടെ കാലുകളിലും പാർക്കുചെയ്യരുത്, കാൽനടക്കാർക്ക് മുൻഗണന നൽകുക, റോഡരികിലെ മുൻകരുതൽ നിർദേശങ്ങളും ചിഹ്നങ്ങളും അനുസരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.