ദുബൈ: ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ജൈവ ഇന്ധനമിശ്രിതത്തിന്റെ ഉപയോഗത്തിലൂടെ കാർബൺ ഡൈ ഓക്സൈഡിന്റെ (c02) ബഹിർഗമനം വൻതോതിൽ കുറക്കാനായതായി ഡിനാറ്റ. എമിറേറ്റ്സ് ഗ്രൂപ്പിന് കീഴിലെ ദുബൈയിലെ പ്രമുഖ എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വിസ് കമ്പനിയാണ് ഡിനാറ്റ.
പുനരുപയോഗ ഇന്ധനമായ ജൈവ ഇന്ധനം ഉപയോഗിച്ചതിലൂടെ പ്രതിവർഷം 80 ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ ഉൽപാദനമാണ് കമ്പനി കുറച്ചത്. ഒരു പെട്രോൾ കാർ 3,20,000 കിലോമീറ്റർ ഓടിയാൽ പുറന്തള്ളുന്ന കാൺബൺ ഡൈ ഓക്സൈഡിന് സമാനമാണിത്. ഡിനാറ്റ ലോജിസ്റ്റിക്സ്, അറേബ്യൻ അഡ്വഞ്ചേഴ്സ്, ആൽഫ ഫ്ലൈറ്റ് സർവിസസ്, സിറ്റി സൈറ്റ് സീയിങ് എന്നിവക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ജൈവ ഇന്ധന മിശ്രിതം ഉപയോഗിച്ചുവരുന്നത്.
നിലവിൽ ഡിനാറ്റയുടെ ദുബൈ സെന്ററിലെ 31 ലോറികൾ ഓടുന്നത് ജൈവ ഇന്ധനമിശ്രിതം ഉപയോഗിച്ചാണ്. പ്രതിമാസം ഈ വാഹനങ്ങൾ 2,17,000 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് പ്രതിവർഷം 35 ടൺ കാർബൺ പുറന്തള്ളലാണ് ഇതുവഴി ഇല്ലാതായത്. എട്ട് പെട്രോൾ കാറുകൾ ഒരു വർഷം ഓടുമ്പോൾ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന് സമാനമാണിത്.
നഗരക്കാഴ്ചകൾ കാണാൻ 21 ബസുകൾ ഡിനാറ്റ ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം ഓടുന്നത് ജൈവ ഇന്ധനത്തിലാണ്. പ്രതിമാസം 76,000 കിലോമീറ്ററാണ് ഈ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരം. അതായത് പ്രതിവർഷം 32 ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനമാണ് കുറക്കാനായത്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങളും മറ്റു സജ്ജീകരണങ്ങൾ ഉൾപ്പെടെ ഹരിതപദ്ധതിയിലേക്ക് മാറുന്നതിന് 2022 ജൂണിൽ ഡിനാറ്റ 10 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളിലും വാഹനങ്ങളിലും കാർബൺ ബഹിർഗമനം കുറഞ്ഞ രീതികൾ തുടർച്ചയായി കണ്ടെത്തുന്നതിനും നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് കമ്പനി നടത്തുന്നത് -ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റീവ് അലൻ പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ 20 ശതമാനവും 2030ൽ 50 ശതമാനവും കാർബൺ പുറന്തള്ളൽ കുറക്കാൻ ലക്ഷ്യമിട്ട് വ്യത്യസ്തമായ ഊർജ ഉറവിടങ്ങൾക്കായുള്ള പര്യവേക്ഷണം നടന്നുവരികയാണെന്നും ഈ ലക്ഷ്യത്തിനായി 10 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.