അബൂദബി: ഫ്രാൻസിസ് മാർപാപ്പക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ തിങ്കളാഴ്ച ഉജ്ജ്വല വരവേൽപ് നൽകി. അറേബ്യൻ കുതിരകളുടെ പുറത്തേറിയ സൈനികരുടെ അകമ്പടിയോടെയെത്തിയ മാർപാപ്പയെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ സ്വീകരിച്ചു. 21 ഗൺ സല്യൂേട്ടാടെയായിരുന്നു സ്വീകരണം. തുടർന്ന് വത്തിക്കാെൻറയും യു.എ.ഇയുടെയും ദേശീയഗാനം ആലപിച്ചു. യു.എ.ഇ വ്യോമസേനയുടെ അഭ്യാസപ്രകടന സംഘമായ ‘അൽ ഫുർസാൻ’ കൊട്ടാരത്തിനു മുകളിൽ വത്തിക്കാൻ പതാകയുടെ നിറം തീർത്തു.
ശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് മുഹമ്മദ് ബിൻ സായിദും മാർപാപ്പയുമായി ചർച്ച നടത്തി. യു.എ.ഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ മൂവരും ചർച്ചചെയ്തു. ലോകത്ത് സഹിഷ്ണുതയും സംവാദവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും കൂടിയാലോചിച്ചു. ഫ്രാൻസിസ് മാർപാപ്പ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഫലകം സമ്മാനിച്ചു. 1219ൽ സെൻറ് ഫ്രാൻസിസ് അസ്സീസിയും സുൽത്താൻ മാലിക് അൽ കാമിലും തമ്മിലുള്ള കൂടിക്കാഴ്ച ആലേഖനം ചെയ്ത ഫലകമാണ് മാർപാപ്പ സമ്മാനിച്ചത്.
വൈകീട്ട് മാർപാപ്പ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. 5.08നാണ് മാർപാപ്പയുടെ കാർവ്യൂഹം ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെത്തിയത്. അൽ അസ്ഹർ അൽ ശരീഫ് സർവകലാശാല ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് മാർപാപ്പയെ പള്ളിയിലേക്ക് സ്വാഗതം ചെയ്തു. ഗ്രാൻഡ് മോസ്കിൽ മുസ്ലിം എൽഡേഴ്സ് കൗൺസിൽ അംഗങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
പിന്നീട് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ സ്മാരകമായ ഫൗണ്ടേഴ്സ് മെമ്മോറിയലിലെത്തിയ മാർപാപ്പ, മാനവ സാഹോദര്യ ആഗോള സമ്മേളനത്തിെൻറ ഭാഗമായി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തി. അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ്, ശൈഖ് മുഹമ്മദ് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.