ഷാർജ: പ്രവാസികളുടെ ഉള്ളുലച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച രണ്ട് പ്രമുഖ സംവിധായകർ ഒരുവേദിയിൽ ഒരുമിച്ചപ്പോൾ സിനിമ പ്രേമികൾക്ക് കൗതുകമായി. പത്തേമാരിയുടെ സംവിധായകൻ സലീം അഹമ്മദും ആടുജീവിതം സംവിധായകൻ ബ്ലെസിയുമാണ് കമോൺ കേരള വേദിയിൽ ഉള്ളുതുറന്നത്. ഹിറ്റ് എഫ്.എം ആർ.ജെ ജോൺ ആയിരുന്നു അവതാരകൻ. പ്രേക്ഷകരുടെ ഇഷ്ടം അറിഞ്ഞുള്ള ചോദ്യങ്ങളുമായി ജോണും വേദിയിൽ നിറഞ്ഞുനിന്നു.
പ്രൗഢികൾക്കപ്പുത്ത് പ്രവാസത്തിന്‍റെ നോവും വേവും കാണിച്ചുതന്ന കഥാപാത്രങ്ങളായിരുന്നു അവരുടെ നജീബും പള്ളിക്കൽ നാരായണനും. പ്രവാസം, സിനിമ തുടങ്ങിയവയെ കുറിച്ച് അവർ പ്രേക്ഷകരുമായി സംവദിച്ചു. ഗൾഫ് മാധ്യമം ‘കമോൺ കേരള’യിൽ ‘ലൈറ്റ് കാമറ ആക്ഷൻ’ സെഗ്മെന്റാണ് സിനിമ പ്രേമികൾക്ക് ഹൃദ്യമായ അനുഭവമായത്.
ബെന്യാമിന്‍റെ നോവലിലെ നജീബും തെൻറ സിനിമയിലെ നജീബും വ്യത്യാസമുണ്ടെന്ന് ചലച്ചിത്ര സംവിധായകൻ ബ്ലെസി പറഞ്ഞു. ഒരാൾ അനുഭവിച്ചുതീർത്ത യഥാർഥ ജീവിതവും ഭാവന കൂടി ഉൾപ്പെടുത്തിയും പലതും ഉൾപ്പെടുത്താതെയും എഴുതിയ നോവലും അതിൽനിന്ന് ഉരുത്തിരിഞ്ഞ തിരക്കഥയും വേറെ വേറെയാണ്. താൻ എങ്ങോട്ടും പോകുന്നില്ലെന്നും അടിമജീവിതം താൻ സ്വയം തെരഞ്ഞെടുത്തതാണെന്നും നജീബ് പുസ്തകത്തിൽ പറഞ്ഞതിനോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നു. യഥാർഥ നജീബുമായി സംസാരിച്ചപ്പോൾ സ്വംശീകരിച്ച കാര്യങ്ങൾ കൂടി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പലഘട്ടത്തിൽ പല മാനസികാവസ്ഥയിലൂടെ നജീബ് കടന്നുപോയിട്ടുണ്ടാകും. എന്നാൽ, നാട്ടിൽ തിരിച്ചെത്താൻ അയാൾ അതിയായി മോഹിച്ചിരുന്നുവെന്നാണ് തനിക്ക് മനസ്സിലായതെന്ന് ബ്ലെസി പറഞ്ഞു.
താൻ പ്രവാസിയല്ലെന്നും പല മുൻകാല പ്രവാസികളോട് സംസാരിച്ചാണ് ഒന്നര വർഷമെടുത്ത് പത്തേമാരിയുടെ തിരക്കഥ പൂർത്തിയാക്കിയതെന്നും സംവിധായകൻ സലീം അഹമ്മദ് പറഞ്ഞു. പത്തുരൂപ കിട്ടിയാൽ മൂന്ന് രൂപ പിടിച്ചുവെച്ച് ബാക്കി ഏഴാണ് അയക്കുന്നതെന്നാണ് നാട്ടിലുള്ളവർ കരുതുന്നതെന്നും എന്നാൽ, ഏഴ് കിട്ടിയാൽ മൂന്ന് കൂടി കടം വാങ്ങിയാണ് പത്ത് നാട്ടിലയക്കുന്നതെന്നും പള്ളിക്കൽ നാരായണൻ പറയുന്നത് ഇത്തരത്തിൽ മുൻ പ്രവാസികൾ അനുഭവത്തിൽനിന്ന് പറഞ്ഞതാണ്. അങ്ങനെ സംസാരിച്ചു മനസ്സിലാക്കിയ എല്ലാ കാര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും സലീം അഹമ്മദ് കൂട്ടിച്ചേർത്തു.
കമോൺ കേരള വേദിയിൽ ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് കേക്ക് മുറിക്കുന്നു. ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ മുഹമ്മദ്, മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് ടി.എം. സ്വാലിഹ്, മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, മോറിക്കാപ് റിസോർട്ട് ചെയർമാൻ നിഷിൻ തസ്ലീം സി.എം, സി.എം.വി ഗോൾഡ് പ്രതിനിധി എം. ഷർമിന, ഹൈലൈറ്റ് ഗ്രൂപ് ചെയർമാൻ പി. സുലൈമാൻ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ്, ഹോട്ട്പാക്ക് മാനേജിങ് ഡയറക്ടറും ചെയർമാനുമായ പി.ബി. അബ്ദുൽ ജബ്ബാർ, മാധ്യമം സി.ഡി.ഒ ഇംത്യാസ്, ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ് എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.