ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചാം യു.എ.ഇ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക, സാംസ്കാരിക സഹകരണം കൂടുതൽ ശക്തമായി. 2015ലാണ് മോദി ആദ്യമായി യു.എ.ഇയിൽ സന്ദർശനത്തിനെത്തുന്നത്. 34 വർഷങ്ങൾക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇമറാത്തിൽ എത്തുന്നുവെന്ന സവിശേഷത ഇതിനുണ്ടായിരുന്നു. തുടർന്ന് 2016ൽ അന്നത്തെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചു. 2017ൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യാതിഥിയായി വീണ്ടും അദ്ദേഹം ഇന്ത്യയിലെത്തുകയുണ്ടായി.
കഴിഞ്ഞ വർഷം ജൂണിൽ ശൈഖ് മുഹമ്മദ് യു.എ.ഇ പ്രസിഡന്റായി ചുമതലയേറ്റപ്പോൾ അഭിനന്ദനമറിയിക്കാനാണ് മോദി അവസാനമായി യു.എ.ഇയിലെത്തിയത്. ഇത്തവണ സന്ദർശനം ഹ്രസ്വമായിരുന്നെങ്കിലും സുപ്രധാന നേട്ടങ്ങൾ ഇരുരാജ്യങ്ങൾക്കും നേടിത്തരുന്നതും സഹകരണം പുതിയ വിതാനത്തിലേക്ക് ഉയർത്തുന്നതുമായ കരാറുകളിൽ ഒപ്പിടാൻ സാധിച്ചുവെന്നത് നേട്ടമാണ്. സന്ദർശനാനന്തരം യു.എ.ഇയും ഇന്ത്യയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ഇക്കാര്യം അടിവരയിടുന്നുണ്ട്.എല്ലാ മേഖലയിലും ഇരുരാജ്യങ്ങളുടെയും സഹകരണം അതിവേഗതയിൽ മുന്നേറുന്നതിൽ ഭരണാധികാരികൾ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, യു.എ.ഇ ആദ്യമായി സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ച രാജ്യമെന്ന നിലയിൽ സാമ്പത്തിക രംഗത്തെ ബന്ധം ശക്തിപ്പെടുത്തുന്നതിന് മുഖ്യ പരിഗണന ലഭിക്കുന്നുമുണ്ട്.
കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം 8500 കോടി ഡോളറായിരുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്രതലത്തിൽ ഇരുരാജ്യങ്ങളും വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞ് അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം യു.എ.ഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയും (കോപ്) ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയും നടക്കാനിരിക്കെ ആഗോള വിഷയങ്ങളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ഒരുമിച്ചുനീങ്ങാനും കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വിഷയങ്ങളിൽ എല്ലാവർക്കും ഗുണകരമാകുന്ന നയങ്ങൾ രൂപപ്പെടുത്താനായി ഒരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രസ്താവന പറയുന്നു. യു.എ.ഇ വളരെ മുന്നൊരുക്കത്തോടെ സംഘടിപ്പിക്കുന്ന കോപ് ഉച്ചകോടിയിൽ പ്രധാനമന്ത്രി അതിഥിയായി എത്തിച്ചരാനും സാധ്യതയുണ്ട്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സഹകരണം, ഭക്ഷ്യ വസ്തുക്കളുടെയും കാർഷിക ഉൽപന്നങ്ങളുടെയും വ്യാപാരം സുഗമമാക്കൽ, ആരോഗ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്തൽ, ഭീകരതക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തിൽ ഒന്നിച്ചുനീങ്ങൽ എന്നിവയും സംയുക്ത പ്രസ്താവനയിൽ ഇടംപിടിച്ച കാര്യങ്ങളാണ്. സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുകയും എല്ലാ തരത്തിലുള്ള ഭീകരതയും വിദ്വേഷപ്രചാരണങ്ങളും വിവേചനങ്ങളും തള്ളിക്കളയുമെന്നും ഇതിൽ പറയുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി അടക്കമുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിച്ചതിൽ പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദ് ബിൻ സായിദും സംതൃപ്തി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.