ദുബൈ: സമ്പദ്വ്യവസ്ഥയുടെ ഉയർച്ച ഏറ്റവും മുൻഗണനയോടെ പരിഗണിക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദുബൈ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുത്തുറ്റതും സമൃദ്ധവുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. ഇതിനായി യു.എ.ഇയിലെ നയിക്കാൻ ദുബൈ ചേംബറിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടര ലക്ഷത്തോളം പേർ അംഗങ്ങളായ അന്തരാഷ്ട്രതലത്തിലെ ഏറ്റവും വലിയ വ്യാപാര-വ്യവസായ കൂട്ടായ്മകളിലൊന്നായ ദുബൈ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി നവീകരണത്തിന് ശൈഖ് മുഹമ്മദ് അംഗീകാരം നൽകിയിരുന്നു. പുതിയ ഘടനയനുസരിച്ച് ചേംബർ ഓഫ് ട്രേഡ്, ചേംബർ ഫോർ ഡിജിറ്റൽ ഇക്കോണമി, ചേംബർ ഫോർ ഇൻറർനാഷനൽ ഇൻഡസ്ട്രി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കൂട്ടായ്മ പ്രവർത്തിക്കുക.
ചേംബറിെൻറ പുതിയ ബോർഡ് ഡയറക്ടേഴ്സിനെയും ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പുതിയ മൂന്ന് േചംബറുകൾക്കും ചരിത്രപരമായ ദൗത്യമാണ് മുന്നിലുള്ളത്. നമ്മുടെ അന്താരാഷ്ട്ര വ്യാപാരബന്ധങ്ങളെ ശക്തിപ്പെടുത്തുക, ഡിജിറ്റൽ ഇക്കോണമിയെ വികസിപ്പിക്കുക, ബിസിനസ് താൽപര്യങ്ങളെ സംരക്ഷിക്കുക, ദുബൈയിൽ ഏറ്റവും മികച്ച ആഗോള സാമ്പത്തിക പരിസ്ഥിതി വികസിപ്പിക്കുന്ന സർക്കാർ പരിശ്രമങ്ങളെ പിന്തുണക്കുക എന്നിവയാണത് -അദ്ദേഹം നേരത്തെ വ്യക്തമാക്കി.
പുതുതായി പ്രഖ്യാപിച്ച ഭാരവാഹികളിൽ ജുമാ അൽ മാജിദാണ് ചേംബറിെൻറ ഓണററി പ്രസിഡൻറ്. അബ്ദുൽ അസീസ് അൽ ഗുറൈർ ചെയർമാനുമാണ്. രണ്ട് സ്ത്രീകളടക്കം 12 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.