ദുബൈ: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ ആരംഭിച്ച ആദ്യ ദിനത്തിൽ പ്രവാസികളിൽനിന്ന് മികച്ച പ്രതികരണം. ദുബൈയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അൽ അവീറിൽ ഒരുക്കിയ സെന്ററിൽ ആദ്യ ദിനം നൂറിലധികം പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിസ നിയമവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ മുതൽ സർവിസ് ആരംഭിച്ച ടൈപ്പിങ് സെന്ററുകളിലും ഐ.സി.പി കേന്ദ്രങ്ങളിലും അപേക്ഷകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. അബൂദബിയിൽ വിസ നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുകയാണ് ആദ്യ ദിനം ചെയ്തത്.
ഐ.സി.പിയുടെ സ്മാർട്ട് സിസ്റ്റം വഴിയും അപേക്ഷ സമർപ്പിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഇതുവഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയവും ഫീസും ഒഴിവാകുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം വ്യത്യസ്തമായിരിക്കും. ഏതുതരം വിസയാണെങ്കിലും അപേക്ഷയുടെ സ്വഭാവം നിർണയിക്കുക നിയമലംഘനത്തിന്റെ സ്വഭാവം പരിഗണിച്ചായിരിക്കും.
അപേക്ഷ നൽകാനെത്തിയ നിയമലംഘകനോട് ഇക്കാര്യമാണ് ആദ്യം ചോദിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലെ സ്റ്റാറ്റസ് മാറ്റുന്നത് എങ്ങനെയാണെന്ന് അറിയാനുള്ള അന്വേഷണമാണ് ചില കേന്ദ്രങ്ങളിൽ ആദ്യ ദിനത്തിൽ കൂടുതലായി എത്തിയത്. ദുബൈ അൽ അവീറിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടെന്റുകൾ സജ്ജീകരിച്ചിരുന്നു.
പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് അൽ അവീർ സെന്ററിന്റെ അരികിലായി ബാനറുകളും കൊടികളും ചില സ്ഥാപിച്ചിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും.
എത്ര ഭീമമായ പിഴകളും ഒഴിവാക്കി വിസ പുതുക്കാനും എക്സിറ്റ് പെർമിറ്റ് നേടി 14 ദിവസത്തിനകം രാജ്യം വിടാനും അനുമതിയുണ്ട്. പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ എമിറേറ്റുകളിലും വൻ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. ഇന്ത്യൻ എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയും സജീവമായി രംഗത്തുണ്ട്.
ദശലക്ഷണക്കിന് ദിർഹമിന്റെ പിഴയാണ് രണ്ട് മാസത്തിനിടെ യു.എ.ഇ സർക്കാർ ഒഴിവാക്കിനൽകുന്നത്. എക്സിറ്റ് പെർമിറ്റ് നേടി രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ് ചെലവിൽ വിമാന ടിക്കറ്റ് തരപ്പെടുത്താനുള്ള നപടികൾ ചില സന്നദ്ധ സംഘടനകൾ നടത്തിവരുന്നുണ്ട്.
ഐ.സി.പിയും വിഷയത്തിൽ ചില വിമാന കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. അതേസമയം, നിലവിലെ സ്റ്റാറ്റസിൽ മാറ്റം വരുത്തിയ വിസ പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ തൊഴിൽ വാഗ്ദാനങ്ങളുമായി ചില സ്വകാര്യ കമ്പനികളും രംഗത്തുണ്ട്. ഞായറാഴ്ച അവധിദിനമായിട്ടും ഇമിഗ്രേഷൻ ഓഫിസർമാർ ആംനസ്റ്റി സെന്ററുകളിൽ കർമനിരതരായിരുന്നു. പൊതുമാപ്പ് നടപടികൾക്കായി ദുബൈയിലുടനീളം ജി.ഡി.ആർ.എഫ്.എയുടെ 86 ആമിർ സെന്ററുകളാണ് പ്രവർത്തിക്കുന്നത്.
കൂടാതെ ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റും ആപ്പും ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാനാവും. സംശയ നിവാരണത്തിന് ജി.ഡി.ആർ.എഫ്.എയുടെ കാൾ സെന്റർ നമ്പറായ 8005111ൽ വിളിക്കാമെന്ന് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു. ഇന്ത്യ, പാകിസ്താൻ, സൗദി അറേബ്യ, ഫിലിപ്പീൻസ്, കാനഡ തുടങ്ങി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേയും പ്രവാസികൾ ഇളവ് തേടി ആംനസ്റ്റി സെന്ററുകളിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.