ആർ.ടി.എയുടെ ഇലക്​ട്രിക്​ ബസ്​

പൊതുഗതാഗതം പൂർണമായും പരിസ്ഥിതിസൗഹൃദമാകും

ദുബൈ: യു.എ.ഇയുടെ സുസ്ഥിരത വർഷത്തോടനുബന്ധിച്ച്​​ പൊതു ഗതാഗത രംഗവും കാർബൺ രഹിതമാക്കുന്ന ‘സീറോ എമിഷൻ പ്ലാൻ 2050’ അവതരിപ്പിച്ച്​ ​ ദുബൈ റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ). 2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ മുക്​തമാക്കാനാണ്​​ പദ്ധതി.

യു.എ.ഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടി (കോപ്​ 28)യുടെയും നെറ്റ്​ സീറോ എമിഷൻ 2050 സംരംഭത്തിന്‍റെയും ഭാഗമായാണ്​ പുതിയ പദ്ധതി ആർ.ടി.എ ആസൂത്രണം ചെയ്തിരിക്കുന്നത്​. ഇതിന്‍റെ ആദ്യഘട്ട​മെന്ന നിലയിൽ 2030 ഓടെ ​​പൊതുഗതാഗത ബസുകളിൽ 10 ശതമാനം ഇലക്​ട്രിക്​, ഹൈഡ്രജൻ സംവിധാനത്തിലേക്ക്​ മാറ്റും. 2035ൽ ഇത്​ 20 ശതമാനമായും​ 2040ൽ 40 ശതമാനമായും 2045ൽ 80 ശതമാനമായും 2050 ഓടെ 100 ശതമാനവും കാൺബൺ രഹിത ഊർജത്തിലേക്ക്​ കൊണ്ടുവരാനാണ്​ ഉദ്ദേശിക്കുന്നത്​..

കൂടാതെ 2030ൽ 10 ശതമാനം ടാക്​സി കാറുകളും ഇലക്​ട്രിക്​, ഹൈഡ്രജൻ സംവിധാനത്തിലേക്ക്​ മാറും. 2035ൽ 50 ശതമാനം വർധിപ്പിച്ച്​ 2040 ഓടെ 100 ശതമാനത്തിലെത്തിക്കുകയാണ്​ ലക്ഷ്യം.

സ്കൂൾ ബസുകളിലും ഇതേ രീതി പിന്തുടർന്ന്​​ 2050ൽ 100 ശതമാനവും ഇലക്​ട്രിക്​, ഹൈഡ്രജൻ ഇന്ധനത്തിലേക്ക്​ മാറ്റും. 2030 ഓടെ മുൻസിപ്പാലിറ്റിയിൽ നിന്നുള്ള മാലിന്യങ്ങൾ 100 ശതമാനവും പുനരുപയോഗം നടത്താൻ കഴിയുന്ന പ്ലാന്‍റ്​ നിർമിക്കാനും പദ്ധതിയുണ്ട്​. ഇത്​ വഴി മാലിന്യങ്ങൾ കുഴിച്ചുമൂടുന്നത്​ പൂർണമായും ഒഴിവാക്കാനാകും. കൂടാതെ കെട്ടിടങ്ങളിൽ പുനരുപയോഗ ജലത്തിന്‍റെ ഉപയോഗം 2050ഓടെ 40 ശതമാനമായി വർധിപ്പിക്കും​.

ആർ.ടി.എയുടെ ഊർജ, ഗ്രീൻ എകണോമി സംരംഭത്തിലൂടെ 2014 മുതൽ 2022 ഏതാണ്ട്​ 360 ജിഗാവാട്ട്​ മണിക്കൂർ വൈദ്യുതിയും 300 മില്യൺ ഗാലൺ ജലവും 88 മില്യൺ ലിറ്റർ ഗാസോലിനും 10 ദശലക്ഷം ലിറ്റർ ഡീസലുമാണ്​ ലാഭിക്കാനായത്​​. 4.16 ലക്ഷം ടൺ കാർബൺ പുറന്തള്ളുന്നത്​ ഒഴിവാക്കുന്നതിന്​ സമാനമാണിത്​. ഇതു വഴി ഏതാണ്ട്​ 420 ദശലക്ഷം ദിർഹം ലാഭിക്കാനായി.

ആർ.ടി.എയുടെ വിവിധ മേഖലകളും ഏജൻസികളെയും ഉൾപ്പെടുത്തിയാണ്​ പദ്ധതി​ വ്യാപിപ്പിക്കുക.

അഞ്ചു വർഷത്തേക്ക്​ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സഹായം നൽകാൻ കഴിയുന്ന സ്വകാര്യ മേഖലകളുമായും സഹകരിക്കുമെന്ന്​ ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു.

Tags:    
News Summary - Public transport will be completely eco-friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.