ദുബൈ: സാഹിത്യത്തോടുള്ള സമീപനത്തിൽ മനുഷ്യന് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അത് ദുഃഖിപ്പിക്കുന്ന കാര്യമാണെന്നും കേരള മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ. ദുബൈയിൽ കെ. ഗോപിനാഥന്റെ ‘കവിത പടിവാതിലില്ലാത്ത ഒരു വീടാണ്’ എന്ന പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വളരെ അലസമായാണ് ഇന്ന് പലരും വായിക്കുന്നത്. എന്നാൽ, അഗാധമായി വായിക്കുന്ന ചെറിയൊരു ശതമാനം ആളുകളുമുണ്ട്. കവിതയെയും കവിയെയും കൊണ്ട് സമൂഹത്തിന് ചില ഗുണങ്ങളുണ്ടെന്നത് യാഥാർഥ്യമാണ്. മികച്ച ജോലിയുള്ള ഒരു കവി ശമ്പളവും വാങ്ങി സമാധാനത്തോടെ വീട്ടിലിരുന്നാൽ തന്നോട് തന്നെ നീതി പുലർത്തില്ല എന്ന തോന്നലുണ്ടാകുന്നതുകൊണ്ടാണ് കവിത എഴുതുന്നത്. അയാളെ സംബന്ധിച്ചിടത്തോളം താനനുഭവിച്ച ജീവിതാനുഭവങ്ങൾ, സമൂഹത്തിലെ മാറ്റങ്ങൾ തുടങ്ങിയവയൊക്കെ കണ്ടില്ലെന്ന് നടിക്കാനാവില്ല ജയകുമാർ പറഞ്ഞു. കവി കമറുദ്ദീൻ ആമയത്തിന് ആദ്യപ്രതി നൽകിയായിരുന്നു പ്രകാശനം.
അതുല്യ രാജിന്റെ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ദീപ ചിറയിൽ, രാജേഷ് ചിത്തിര, രഘുനന്ദനൻ, നവാസ്, സോണി വേളൂക്കാരൻ എന്നിവർ കെ. ഗോപിനാഥന്റെ കവിതകളെ കുറിച്ച് വിശകലനം നടത്തി. ബാബുരാജ് ഉറവ, പി.അനീഷ, അവനീന്ദ്ര ഷിനോജ് എന്നിവർ കവിതകൾ ചൊല്ലി. ഗിരിജ വാര്യർ, മുരളി മംഗലത്ത്, ഇസ്മായിൽ മേലടി, സാദിഖ് കാവിൽ, ഷാജി ഹനീഫ്, രമേഷ് പെരുമ്പിലാവ്, ബഷീർ മുളിവയൽ, പ്രീതി രഞ്ജിത്, കെ.പി. റസീന, പ്രവീൺ പാലക്കീൽ എന്നിവർ സംസാരിച്ചു. കെ. ഗോപിനാഥൻ മറുപടി പറഞ്ഞു. ഹമീദ് ചങ്ങരംകുളം അവതാരകനായ ചടങ്ങ് കാഫ് ദുബൈയാണ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.