കഷ്ടപ്പെട്ട് വോട്ടർപട്ടികയിൽ പേരുണ്ടാക്കി വോട്ട് ചെയ്യാനെത്തിയപ്പോൾ രാഷ്ട്രീയ വിരോധംെവച്ച് വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിമാറ്റിച്ചവർക്ക് മുന്നിൽ കന്നിവോട്ട് ചെയ്യാനുള്ള ആവേശത്തിലാണ് കണ്ണൂർ കോർപറേഷനിലെ 45ാം ഡിവിഷൻ വോട്ടറായ കെ.വി. മുഹമ്മദ് അഷ്റഫ്. നാല് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം നാട്ടിലെത്തിയതോടെയാണ് അഷ്റഫിന് ആദ്യ വോട്ടിന് വഴിയൊരുങ്ങിയത്.
യഥാർഥത്തിൽ അന്ന് വിദേശത്തേക്ക് പോയിരുന്നില്ല. അതിനു മുമ്പ് ഒരിക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, കാഴ്ചക്കുറവുള്ള അയൽവാസിയുടെ കൈപിടിച്ച് ബൂത്തിലെത്തിയ അഷ്റഫിന് സ്വന്തം കണ്ണിൽ ഇരുട്ടുകയറിയ സംഭവം ഓർമയുണ്ട്. ലീഗ് പിളർന്ന് രണ്ടായി മത്സരിക്കുന്ന കാലം. ഒരു വശത്ത് മുസ്ലിം ലീഗ്, മറുവശത്ത് അഖിലേന്ത്യ ലീഗ്. തനിക്ക് വോട്ട് ഇല്ലെങ്കിലും ഓപൺ വോട്ട് ചെയ്യാനായി അയൽവാസിയായ മുഹമ്മദ്ക്കയെയും കൂട്ടി ബൂത്തിലെത്തി. തന്നെയും വോട്ടറെയും നേരിട്ടറിയുന്ന ബൂത്ത് ഏജൻറ് എതിർപ്പുമായി രംഗത്തെത്തി.
കൂടെയുള്ള വോട്ടർക്ക് കണ്ണ് കാണുമെന്ന് അവകാശവാദമുന്നയിച്ചു. റിട്ടേണിങ് ഓഫിസർ മുഹമ്മദ്ക്കയോട് കണ്ണു കാണാമോ എന്ന് ചോദിച്ചു. അയാൾ കാണാമെന്നും പറഞ്ഞതോടെ വെട്ടിലായ അഷ്റഫ് പോളിങ് ഓഫിസറോട് യാഥാർഥ്യം പറഞ്ഞു. ഏറെ പരിശോധനക്കുശേഷം വോട്ടർക്ക് കാഴ്ചക്കുറവുണ്ട് എന്ന യാഥാർഥ്യം ബോധ്യപ്പെട്ട അദ്ദേഹം ഓപൺ വോട്ട് ചെയ്യാൻ അനുവദിച്ചു. 1981ൽ ദുബൈയിലെത്തിയ അഷ്റഫ് 2019 ഡിസംബറിൽ 39 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും അഷ്റഫ് സജീവമാണ്. നീണ്ടകാലം ദുബൈയിൽ ദേവയിൽ ജോലിചെയ്തിരുന്ന അഷ്റഫ് ഗൾഫിലെ സജീവ സാമൂഹിക പ്രവർത്തകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.