അബൂദബി: സ്കൂൾ ബസുകളിലെ സ്റ്റോപ് സിഗ്നലുകൾ അവഗണിക്കുന്ന ഡ്രൈവർമാരെ പിടിക്കാൻ റഡാർ സംവിധാനവുമായി അധികൃതർ. ഇതിനായി സ്കൂൾ ബസുകളിൽ കാമറകൾ സജ്ജീകരിച്ചതായി അധികൃതർ അറിയിച്ചു.
അബൂദബി പൊലീസ്, ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ, എമിറേറ്റ്സ് ട്രാൻസ്പോർട്ട് കോർപറേഷൻ അബൂദബി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ ബസുകളിലെ മുന്നറിയിപ്പ് സിഗ്നലുകൾ അവഗണിക്കുന്ന ഡ്രൈവർമാരെ റഡാർ കണ്ടെത്തുകയാണ് ചെയ്യുക. സ്കൂൾകുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് കർശന നടപടിയുമായി അധികൃതർ രംഗത്തെത്തിയത്.
സ്കൂൾ ബസുകൾ സ്റ്റോപ്പിൽ നിർത്തുമ്പോൾ പാതയുടെ ഇരുവശത്തുനിന്നു വരുന്ന ഇതര വാഹനങ്ങൾ അഞ്ചു മീറ്റർ അകലെ നിർത്തണമെന്നാണ് പൊലീസ് നിർദേശം. രാജ്യത്തെ ഡ്രൈവർമാരിൽ 17 ശതമാനം ഇത്തരം നിയമം ലംഘിക്കുന്നവരാണെന്ന് സർവേയിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്ന് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരിൽനിന്ന് 1000 ദിർഹം പിഴയീടാക്കുമെന്നും ലൈസൻസിൽ 10 ബ്ലാക്ക് പോയൻറുകൾ ചുമത്തുമെന്ന മുന്നറിയിപ്പും നൽകുകയുണ്ടായി.
സ്കൂൾ ബസിൽ യഥാസമയം സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിച്ചില്ലെങ്കിൽ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയൻറ് ചുമത്തുകയും ചെയ്യും. രാജ്യത്തെ ഏഴായിരം ബസുകളിൽ റഡാറുകൾ ഘടിപ്പിക്കുമെന്ന് 2019ൽ അബൂദബി പൊലീസ് അറിയിച്ചു. 2018-19 വർഷത്തിൽ ഇത്തരം നിയമലംഘനം നടത്തിയ 3664 ഡ്രൈവർമാർക്ക് പിഴ നൽകിരുന്നു. ബസിൽ സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിക്കാത്തതിന് 126 സ്കൂൾ ബസ് ഡ്രൈവർമാരും ഇക്കാലയളവിൽ ശിക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.