ദുബൈ: മഴക്കെടുതിയിൽ പ്രവർത്തനം അവതാളത്തിലായ ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയില്ല. വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങളുടെ എണ്ണം 48 മണിക്കൂർകൂടി പരിമിതപ്പെടുത്തുമെന്ന് വെള്ളിയാഴ്ച എയർപോർട്ട് അധികൃതർ അറിയിച്ചു. അസാധാരണമായ കാലാവസ്ഥ സാഹചര്യത്തെതുടർന്ന് രൂപപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് അതിഥികൾക്ക് മികച്ച സേവനം ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
അതിനിടെ, ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിൽ ദുബൈ സർവിസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചവരെ ടിക്കറ്റെടുത്തവർക്ക് മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാൻ അവസരം നൽകുമെന്നും അധികൃതർ പറഞ്ഞു. കേരളത്തിൽ കൊച്ചിയിൽനിന്ന് മാത്രമാണ് ദുബൈയിലേക്ക് എയർ ഇന്ത്യ സർവിസുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കൂടുതലായി കേരളത്തിൽനിന്ന് ദുബൈയിലെത്തുന്നത്. എന്നാൽ, ഡൽഹി, മുംബൈ നഗരങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുന്നത് തിരിച്ചടിയാകും. സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചില ദുബൈ സർവിസുകൾ ഫുജൈറ വിമാനത്താവളത്തിലേക്ക് മാറ്റി. ഡൽഹി, അഹമ്മദാബാദ്, പൂണെ, മുംബൈ വിമാനങ്ങളാണ് ഫുജൈറയിൽ നിന്ന് സർവിസ് നടത്തുക. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അബൂദബി ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ പ്രവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ, എമിറേറ്റ്സ്, ഫ്ലൈ ദുബൈ വിമാനങ്ങൾ സർവിസ് പുനരാരംഭിച്ചിട്ടുണ്ട്. ചെക്ക് ഇൻ ആരംഭിച്ചപ്പോൾതന്നെ വൻ തിരക്കാണ് ദുബൈ വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. സർവിസുകൾ പുനരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
കൺഫേംഡ് ടിക്കറ്റുള്ളവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് ദുബൈ, ഷാർജ വിമാനത്താവളങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. തിരക്ക് കുറക്കാനാണ് ഈ നിർദേശം. അതേസമയം, എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാർക്ക് ബാഗേജുകൾ ലഭിച്ചിട്ടില്ല. ബാഗേജ് പിന്നീട് എത്തിക്കാമെന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. റോഡുകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പലയിടത്തും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. താമസമേഖലയിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരും നിരവധിയാണ്. വെള്ളക്കെട്ട് നീക്കാനുള്ള ശ്രമം വെള്ളിയാഴ്ചയും അധികൃതർ തുടരുകയാണ്. ദുബൈ മെട്രോ പ്രവർത്തനം സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇക്വിറ്റി, മഷ്റഖ്, ഓൺപാസീവ് സ്റ്റേഷനുകളിൽ വെള്ളിയാഴ്ചയും ട്രെയിനുകൾ നിർത്താതെയാണ് സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.