ദുബൈ: ഒരു ഇടവേളക്കു ശേഷം രാജ്യത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം). മാർച്ച് നാല് മുതൽ ആറുവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് എൻ.സി.എമ്മിന്റെ പ്രവചനം. എക്സ് പ്ലാറ്റ്ഫോമിലാണ് മുന്നറിയിപ്പ് സന്ദേശം. തെക്കുപടിഞ്ഞാറുനിന്ന് വ്യാപിക്കുന്ന ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം. ഈമാസം നാലിന് ഉച്ചയോടെ പടിഞ്ഞാറുനിന്ന് മഴ മേഘങ്ങൾ വ്യാപിക്കുകയും ചില മേഘങ്ങൾ പരസ്പരം കൂടിച്ചേർന്ന് മിന്നലോട് കൂടിയ വിവിധ തീവ്രതയിലുള്ള മഴക്ക് കാരണമാകുകയും ചെയ്യും. ചൊവ്വാഴ്ചവരെ ഇത് നീളും. മേഘങ്ങൾ ചെറിയ തോതിൽ തെളിയുന്നതോടെ ബുധനാഴ്ച മഴക്ക് നേരിയ ശമനം ഉണ്ടാകും. തെക്ക് ഭാഗത്ത് അന്തരീക്ഷ താപനില കുറയും. ഇതേ സമയം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇത് ദൃശ്യപരത കുറക്കുന്നതിനാൽ വാഹനങ്ങൾ ജാഗ്രത പുലർത്തണം. അറബിക്കടലിലെയും ഒമാൻ കടലിലെയും മേഘങ്ങളോടൊപ്പം കടൽ പ്രക്ഷുബ്ധമാകാനും ഇടയാക്കുമെന്ന് എൻ.സി.എം അറിയിച്ചു.
കഴിഞ്ഞ മാസം 10ന് ആരംഭിച്ച ശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും രാജ്യത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്. അൽ ഐൻ ഉൾപ്പെടെയുള്ള മേഖലകളിലാണ് ആലിപ്പഴ വർഷം ഉണ്ടായത്. രാജ്യവ്യാപകമായി കനത്ത മഴയും ഉണ്ടായിരുന്നു. ഷാർജയിലെ കൽബയിലും മറ്റും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.