ഷാർജ: അസ്ഥിര കാലാവസ്ഥയും കനത്ത മഴയും മൂലമുണ്ടായ ദുരിതത്തിൽ ആശ്വാസ നടപടികളുമായി ഷാർജ അധികൃതർ. മഴയും വെള്ളക്കെട്ടും വലിയ രീതിയിൽ എമിറേറ്റിന്റെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾക്ക് കാരണമായത് പരിഗണിച്ചാണ് എല്ലാവർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ചയിലെ മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കിയതാണ് പ്രധാനപ്പെട്ട തീരുമാനം.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് സാരി അൽ ശംസിയാണ് ഇക്കാര്യമറിയിച്ചത്. അസാധാരണ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന് നൽകുന്ന സർട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാവർക്കും സൗജന്യമായി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ തീരുമാനവും നിരവധിപേർക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയാണ്.
ഷാർജ പൊലീസിന്റെ ആപ് വഴിയും വെബ്സൈറ്റ് വഴിയുമാണ് ഇതിനായി അപേക്ഷിക്കേണ്ടത്. എമിറേറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷക്കാണ് മുൻഗണനയെന്നും സാമൂഹികവും മാനുഷികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ജനറൽ കമാൻഡ് എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മേജർ ജനറൽ അൽ ശംസി കൂട്ടിച്ചേർത്തു. അതിനിടെ, എമിറേറ്റിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ട് ഷാർജ സോഷ്യൽ സർവിസസ് വകുപ്പ് സംഭാവനകൾ നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
സംഭാവനകൾ നൽകുന്നതിന് ‘അമൻ സേഫ്റ്റി നെറ്റ്വർക്’ എന്ന പേരിലാണ് സംവിധാനം രൂപപ്പെടുത്തിയത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭാവനകൾ എത്തിക്കാനാവും. പണമായും സോഷ്യൽ സർവിസസ് വകുപ്പിന്റെ ബാങ്ക് അക്കൗണ്ടിലേക്കും +971501088884 എന്ന നമ്പറിൽ ബന്ധപ്പെട്ടും സംഭാവന ചെയ്യാം.
ഭക്ഷണ പദാർഥങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയും സംഭാവന ചെയ്യാവുന്നതാണ്. പ്രതികൂല കാലാവസ്ഥ ബാധിച്ച എല്ലാവരെയും സഹായിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തത്തെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യൽ സർവിസസ് വകുപ്പ് മേധാവി അഫാഫ് ഇബ്രാഹീം അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.