ഉയർന്നുപറക്കുന്ന പ്രതീക്ഷകളിൽ റാക്​ വിമാനത്താവളം

വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിച്ചതോടെ റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളം തിരക്കുകളിലേക്ക്. വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കൊപ്പം എയര്‍ അറേബ്യ കോഴിക്കോടിന് മൂന്ന് സര്‍വീസുകള്‍ കൂടി ആരംഭിച്ചത് കഴിഞ്ഞ വാരമാണ്.

നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബുധന്‍, വെള്ളി ദിവസങ്ങളില്‍ കോഴിക്കോടിന് സര്‍വീസ് നടത്തുന്നുണ്ട്. ഇന്‍ഡിഗോയുടെ മുംബൈ വഴി കോഴിക്കോടിനുള്ള സര്‍വീസും റാസല്‍ഖൈമയില്‍ നിന്നുണ്ട്. എയര്‍ അറേബ്യ പുതിയ സര്‍വീസുകളെ മലബാര്‍ മേഖലയിലുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്താമയി നടപടി ക്രമങ്ങളും എളുപ്പത്തില്‍ കഴിയുമെന്നതും റാക് എയര്‍പോര്‍ട്ടിന്‍റെ ആകര്‍ഷണമാണ്.

മുംബൈ, ഹൈദരാബാദ്, ദോഹ, കെയ്റോ, ഇസ്​ലാമാബാദ്, പെഷാവര്‍, ലാഹോര്‍, ജിദ്ദ, ധാക്ക വിമാനത്താവളങ്ങളിലേക്കും റാസല്‍ഖൈമയില്‍ നിന്ന് എയര്‍ അറേബ്യയുടെ സര്‍വീസ് ഉണ്ട്. കൂടാതെ വിവിധ എയര്‍ലൈന്‍ കമ്പനികളുടെ സര്‍വീസുകളും വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

റാക് വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ വര്‍ധനവ്​ വിനോദ - വാണിജ്യ മേഖലക്കും പ്രതീക്ഷ നല്‍കുന്നതാണ്. പ്രധാനമായും ചരക്ക് കയറ്റ് - ഇറക്കുമതിയാണ് ഇവിടെ കേന്ദ്രീകരിച്ച് നടന്നിരുന്നത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ മുന്‍ ഭരണാധിപനുമായിരുന്ന അന്തരിച്ച ശൈഖ് സഖര്‍ ബിന്‍ ആല്‍ ഖാസിമി 1976ലാണ് റാസല്‍ഖൈമ വിമാനത്താവളം നാടിന് സമര്‍പ്പിച്ചത്.

വിമാനത്താവളത്തിന്‍റെ വിപുലീകരണ പ്രവൃത്തികള്‍ തുടര്‍ന്നെങ്കിലും വിമാന സര്‍വീസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നില്ല. 2007ല്‍ റാസല്‍ഖൈമയുടെ സ്വന്തം എയര്‍ലൈന്‍ റാക് എയര്‍വെയ്സ് ചിറക് വിരിച്ചെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് സര്‍വീസ് നിലച്ചു.

2010ല്‍ റാക് എയര്‍വെയ്സ് കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചങ്കെിലും സാ​ങ്കേതിക കാരണങ്ങളാല്‍ 2013ല്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തി. 2014ല്‍ എയര്‍ അറേബ്യ പാകിസ്താന്‍, ഈജിപ്ത്​, സഊദി അറേബ്യ, ബംഗ്ലാദേശ് തുടങ്ങിയിടങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചതോടെ റാക് എയര്‍പോര്‍ട്ട് വീണ്ടും സജീവമായി.

കോവിഡ് വ്യാപന പ്രതിരോധ നടപടികളില്‍ യു.എ.ഇയും ലോക രാജ്യങ്ങളും പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവ് നാളുകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനും സ്വന്തം പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനും റാസല്‍ഖൈമ എയര്‍പോര്‍ട്ട് വേദിയായിരുന്നു. വരും നാളുകളില്‍ കൂടുതല്‍ എയര്‍ലൈന്‍ കമ്പനികള്‍ റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    
News Summary - RAK airport in rising expectations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.