1. ദുബൈ സഅബീൽ മജ്​ലിസിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമിന്​ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഈദ് ആശംസ നേരുന്നു, 2. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കുട്ടികൾക്കൊപ്പം പെരുന്നാൾ സന്തോഷം പങ്കുവെക്കുന്നു, 3. അബൂദബി മുശ്​രിഫ്​ പാലസിൽ നടന്ന വിവിധ എമിറേറ്റുകളിലെ കിരീടാവകാശികളുടെ ഒത്തുചേരലിൽ അബൂദബി കിരീടാവകാശി ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ആൽ നഹ്​യാനും ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും

ഈദിനത്തിൻ പൊലിവിൽ...

ദുബൈ: സ്​നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമുയർത്തിപ്പിടിച്ച്​ യു.എ.ഇയിൽ വർണപ്പകിട്ടോടെ ചെറിയ പെരുന്നാൾ ആഘോഷിച്ചു. വ്യാഴാഴ്ച രാത്രിയോടെ ശവ്വാൽ മാസപ്പിറവി സ്ഥിരീകരിച്ചതോടെ തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച അതിരാവിലെ തന്നെ പള്ളികളിലും ഈദ്​ ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന്​ കുടുംബങ്ങൾ ഒഴുകിയെത്തി. എല്ലാ എമിറേറ്റുകളിലും പള്ളികൾ നിറഞ്ഞു കവിഞ്ഞപ്പോൾ നമസ്കാര നിര പുറത്തേക്കും നീണ്ടു. ദുബൈയിൽ മൻഖൂൽ, ദേര ഈദ്​ ഗാഹുകളിൽ വലിയ തിരക്കാണുണ്ടായിരുന്നത്​. റമദാൻ വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത വിശുദ്ധിയും ജീവിത നന്മകളും വരുംകാലത്തും സൂക്ഷിക്കാനും ചേർത്തുവെക്കാനും ഇമാമുമാർ പെരുന്നാൾ നമസ്കാരശേഷം പ്രഭാഷണങ്ങളിൽ വിശ്വാസികളെ ഉണർത്തി.

1. അബൂദബി ശൈഖ്​ സായിദ്​ ഗ്രാന്‍റ്​ മോസ്കിൽ ചെറിയ പെരുന്നാൾ നമസ്കരിക്കുന്ന യു.എ.ഇ വൈസ്​പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ്​ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ, അബൂദബി കിരീടാവകാശി ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ തുടങ്ങിയ പ്രമുഖർ, 


നമസ്കാരാനന്തരം പരസ്പരം ആലിഗംനം ചെയ്തും ഹസ്തദാനം നടത്തിയും ആശംസകൾ കൈമാറിയാണ്​ വിശ്വാസികൾ വീടുകളിലേക്ക്​ മടങ്ങിയത്​. കോവിഡ്​ നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തിൽ ഇടപഴകലുകൾക്കും അഭിവാദ്യമർപ്പിക്കാനും തടസങ്ങളുണ്ടായില്ല. വീടുകളിലും താമസ സ്ഥലങ്ങളിലും ഒത്തുചേർന്ന്​ ഭക്ഷണം കഴിച്ചും ആശംസകൾ കൈമാറിയും കോവിഡ്​ പൂർവ കാലത്തെ പെരുന്നാൾ അനുഭവങ്ങൾ തിരിച്ചുപിടിക്കാനായതിന്‍റെ ആവേശം ദൃശ്യമായിരുന്നു. വെള്ളിയാഴ്ച കൂടി ആയതിനാൽ പള്ളികളിൽ നിന്ന്​ മടങ്ങിയവർ ഉച്ചയോടെ ജുമുഅ നമസ്കാരത്തിനായി വീണ്ടും ഒത്തുചേരുകയും ചെയ്​തു. രാത്രിയോടെ വിവിധ എമിറേറ്റുകളിലെ പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങളിലെല്ലാം ആഘോഷ പരിപാടികൾ അരങ്ങേറി. കരിമരുന്ന്​ പ്രയോഗങ്ങൾ, സംഗീത പരിപാടികൾ, ഒത്തുചേരലുകൾ എന്നിവയാണ്​ പ്രധാനമായും ജനങ്ങളെ ആകർഷിച്ചത്​.


2. സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ്​ ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഈദ്​ ആശംസ സ്വീകരിക്കുന്നു,

ദുബൈ ഗ്ലോബൽ വില്ലേജ്​ അടക്കം ചില സ്ഥലങ്ങളിൽ മാത്രമാണ്​ വെള്ളിയാഴ്ച കരിമരുന്ന്​ പ്രയോഗങ്ങൾ നടന്നത്​. എന്നാൽ ദുബൈയിലെ ബ്ലൂവാട്ടേഴ്​സ്​ ദ്വീപിലും ജെ.ബി.ആർ ബീച്ചിലും ശനിയാഴ്ച രാത്രി 9 മണിക്ക്​ കരിമരുന്ന് പ്രയോഗമുണ്ടാവും. ദുബൈ പാർക്​സ് ആൻഡ് റിസോർട്ട്​സ്​ വിഭാഗവും ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ പരിപാടികൾ ഒരുക്കിയിട്ടുണ്ട്​. അബുദാബിയിൽ യാസ് ദ്വീപിൽ രണ്ട് ദിവസങ്ങളിൽ യാസ് ബേ വാട്ടർഫ്രണ്ടിൽ രാത്രി 9ന്​ കരിമരുന്ന് പ്രയോഗമുണ്ടായിരിക്കും. അബുദാബിയിലെ കോർണിഷ് റോഡിൽ നിന്നും പ്രദർശനം കാണാനാകും. ദുബൈ ഗ്ലോബൽ വില്ലേജ്​, എക്സ്​പോ സിറ്റി എന്നിവിടങ്ങൾ അടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീംപാർക്കുകളിലും വലിയ തിരക്കാണ്​ ​വെള്ളിയാഴ്ച തന്നെയുണ്ടായത്​. ദുബൈ ഗ്ലോബൽ വില്ലേജിൽ ഈദുൽ ഫിത്​​റിനോട്​ അനുബന്ധിച്ച്​ വിപുലമായ പരിപാടികൾ ​പ്രഖ്യാപിച്ചിട്ടുണ്ട്​. പെരുന്നാളിനോട്​ അനുബന്ധിച്ച പ്രത്യേക മാർക്കറ്റും പ്രവർത്തിക്കുന്നുണ്ട്​. അബൂദബി യാസ്​ ഐലൻഡ്​, അബൂദബി കോർണിഷ്​ റോഡ്​ എന്നിവിടങ്ങളിൽ കരിമരുന്ന്​ പ്രയോഗങ്ങൾ കാണാനായി. ഷാർജ, ഫുജൈറ, അജ്​മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. ഈദുൽ ഫിത്​ർ അവധി ദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ പാർക്കിങ്​ സൗജന്യം ഇത്തവണയും പ്രഖ്യാപിച്ചിട്ടുള്ളത്​ താമസക്കാർ വലിയ രീതിയിൽ ഉപകരിക്കുന്നുണ്ട്​.


3. സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സഊദ് ബിൻ സഖർ അൽ ഖാസിമി ഈദ്​ ആശംസ അറിയിക്കാനെത്തിയ കുട്ടിയോട്​ കുശലം പറയുന്നു


 


Tags:    
News Summary - ramadan 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.