ഈദിനത്തിൻ പൊലിവിൽ...
text_fieldsദുബൈ: സ്നേഹത്തിന്റെയും ഐക്യത്തിന്‍റെയും സന്ദേശമുയർത്തിപ്പിടിച്ച് യു.എ.ഇയിൽ വർണപ്പകിട്ടോടെ ചെറിയ പെരുന്നാൾ ആഘോഷിച്ചു. വ്യാഴാഴ്ച രാത്രിയോടെ ശവ്വാൽ മാസപ്പിറവി സ്ഥിരീകരിച്ചതോടെ തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച അതിരാവിലെ തന്നെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് കുടുംബങ്ങൾ ഒഴുകിയെത്തി. എല്ലാ എമിറേറ്റുകളിലും പള്ളികൾ നിറഞ്ഞു കവിഞ്ഞപ്പോൾ നമസ്കാര നിര പുറത്തേക്കും നീണ്ടു. ദുബൈയിൽ മൻഖൂൽ, ദേര ഈദ് ഗാഹുകളിൽ വലിയ തിരക്കാണുണ്ടായിരുന്നത്. റമദാൻ വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത വിശുദ്ധിയും ജീവിത നന്മകളും വരുംകാലത്തും സൂക്ഷിക്കാനും ചേർത്തുവെക്കാനും ഇമാമുമാർ പെരുന്നാൾ നമസ്കാരശേഷം പ്രഭാഷണങ്ങളിൽ വിശ്വാസികളെ ഉണർത്തി.
നമസ്കാരാനന്തരം പരസ്പരം ആലിഗംനം ചെയ്തും ഹസ്തദാനം നടത്തിയും ആശംസകൾ കൈമാറിയാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തിൽ ഇടപഴകലുകൾക്കും അഭിവാദ്യമർപ്പിക്കാനും തടസങ്ങളുണ്ടായില്ല. വീടുകളിലും താമസ സ്ഥലങ്ങളിലും ഒത്തുചേർന്ന് ഭക്ഷണം കഴിച്ചും ആശംസകൾ കൈമാറിയും കോവിഡ് പൂർവ കാലത്തെ പെരുന്നാൾ അനുഭവങ്ങൾ തിരിച്ചുപിടിക്കാനായതിന്‍റെ ആവേശം ദൃശ്യമായിരുന്നു. വെള്ളിയാഴ്ച കൂടി ആയതിനാൽ പള്ളികളിൽ നിന്ന് മടങ്ങിയവർ ഉച്ചയോടെ ജുമുഅ നമസ്കാരത്തിനായി വീണ്ടും ഒത്തുചേരുകയും ചെയ്തു. രാത്രിയോടെ വിവിധ എമിറേറ്റുകളിലെ പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങളിലെല്ലാം ആഘോഷ പരിപാടികൾ അരങ്ങേറി. കരിമരുന്ന് പ്രയോഗങ്ങൾ, സംഗീത പരിപാടികൾ, ഒത്തുചേരലുകൾ എന്നിവയാണ് പ്രധാനമായും ജനങ്ങളെ ആകർഷിച്ചത്.
ദുബൈ ഗ്ലോബൽ വില്ലേജ് അടക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് വെള്ളിയാഴ്ച കരിമരുന്ന് പ്രയോഗങ്ങൾ നടന്നത്. എന്നാൽ ദുബൈയിലെ ബ്ലൂവാട്ടേഴ്സ് ദ്വീപിലും ജെ.ബി.ആർ ബീച്ചിലും ശനിയാഴ്ച രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗമുണ്ടാവും. ദുബൈ പാർക്സ് ആൻഡ് റിസോർട്ട്സ് വിഭാഗവും ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. അബുദാബിയിൽ യാസ് ദ്വീപിൽ രണ്ട് ദിവസങ്ങളിൽ യാസ് ബേ വാട്ടർഫ്രണ്ടിൽ രാത്രി 9ന് കരിമരുന്ന് പ്രയോഗമുണ്ടായിരിക്കും. അബുദാബിയിലെ കോർണിഷ് റോഡിൽ നിന്നും പ്രദർശനം കാണാനാകും. ദുബൈ ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി എന്നിവിടങ്ങൾ അടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീംപാർക്കുകളിലും വലിയ തിരക്കാണ് വെള്ളിയാഴ്ച തന്നെയുണ്ടായത്. ദുബൈ ഗ്ലോബൽ വില്ലേജിൽ ഈദുൽ ഫിത്റിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാളിനോട് അനുബന്ധിച്ച പ്രത്യേക മാർക്കറ്റും പ്രവർത്തിക്കുന്നുണ്ട്. അബൂദബി യാസ് ഐലൻഡ്, അബൂദബി കോർണിഷ് റോഡ് എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ കാണാനായി. ഷാർജ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഈദുൽ ഫിത്ർ അവധി ദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ പാർക്കിങ് സൗജന്യം ഇത്തവണയും പ്രഖ്യാപിച്ചിട്ടുള്ളത് താമസക്കാർ വലിയ രീതിയിൽ ഉപകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.