റാസല്‍ഖൈമ: അന്താരാഷ്ട്ര ഫോറന്‍സിക് സയന്‍സ് സമ്മേളനത്തിന് ആദ്യമായി റാസല്‍ഖൈമ വേദിയാകുന്നു. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും ഈ രംഗത്ത് ലോകതലത്തില്‍ നേതൃത്വം നല്‍കുന്നവരും സമ്മേളിക്കുന്ന ലോക ഫോറന്‍സിക് സയന്‍സ് ഉച്ചകോടി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ മൂന്ന് ദിവസങ്ങളിലായാണ് നടക്കുകയെന്ന് റാക് പൊലീസ് മേധാവിയും കോണ്‍ഫറന്‍സ് ജനറല്‍ സൂപ്പര്‍വൈസറും വേള്‍ഡ് ഫോറന്‍സിക് സയന്‍സ് കോണ്‍ഫറന്‍സ് രക്ഷാധികാരിയുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, ഡോക്ടര്‍മാര്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, കുറ്റകൃത്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ തുടങ്ങി എല്ലാവരും റാസല്‍ഖൈമയുടെ പ്രഥമ ലോക ഫോറന്‍സിക് സയന്‍സ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അലി അബ്ദുല്ല ആവശ്യപ്പെട്ടു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ കാഴ്ച്ചപ്പാടുകള്‍ നിറവേറ്റുന്നതിനുള്ള റാക് പൊലീസിന്റെ പരിശ്രമങ്ങളുടെകൂടി ഭാഗമാണ് ഫോറന്‍സിക് സയന്‍സ് ഉച്ചകോടി. സുരക്ഷിതത്വവും സുരക്ഷയും കൈവരിക്കുന്നതില്‍ ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നാവുന്നതിനൊപ്പം ജീവിതനിലവാരം ഉയര്‍ത്തുന്നതിനും യു.എ.ഇ സമൂഹം പ്രതിജ്ഞാബദ്ധമാണ്. ഇമാറാത്തി സംസ്കാരവും രാജ്യത്തിന്റെ സര്‍വമേഖലകളിലെയും വളര്‍ച്ചയും അടുത്തറിയാന്‍കൂടി സഹായിക്കുന്നതാകും ഫോറന്‍സിക് സയന്‍സ് സമ്മേളനമെന്നും അലി അബ്ദുല്ല തുടര്‍ന്നു.
ഫോറന്‍സിക് മേഖലയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ഈ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി ഇന്ത്യയുള്‍പ്പെടെ ലോക രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന ഫോറന്‍സിക് സയന്‍സ് സമ്മേളനം മാറുമെന്ന് യു.എ.ഇ ഫോറന്‍സിക് ലബോറട്ടറീസ് മാനേജറും ഫോറന്‍സിക് സയന്‍സ് കോണ്‍ഫറന്‍സ് സയന്റിഫിക് മീറ്റ് കമ്മിറ്റിയംഗവുമായ ഡോ. ഹിഷാം ഫറഗ് അഭിപ്രായപ്പെട്ടു. സങ്കീര്‍ണമായ കേസുകളുടെ പരിഹാരത്തിന് സഹായിക്കുന്ന നൂതന ആശയങ്ങളെ കോണ്‍ഫറന്‍സ് പ്രോത്സാഹിപ്പിക്കുമെന്നും ഡോ. ഹിഷാം ഫറഗ് വ്യക്തമാക്കി.
ഫോറന്‍സിക് സയന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും വിഷയവുമായി ബന്ധപ്പെട്ട പഠനസംഗ്രഹങ്ങള് സമര്‍പ്പിക്കുന്നതിനും ഓണ്‍ലൈന്‍ മുഖേന സൗകര്യമുണ്ട്. ശാസ്ത്ര സെഷനുകളിലും ശിൽപശാലകളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://rakpolice.gov.ae/RAKFSC/Home/Index വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.