ഷാർജയിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ നിന്ന്

ആടിയും പാടിയും വളന്‍റിയേഴ്‌സ്

ഷാർജ: ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ കുട്ടികൾക്കൊപ്പം ആടിയും പാടിയും മേളയിലെ വളന്‍റിയേഴ്സ്. കുട്ടികളുടെ മനശാസ്ത്രം അറിഞ്ഞു പ്രവർത്തിക്കാനും ഇടപെടാനും കഴിയുന്ന നൂറിലധികം വരുന്ന വളന്‍റിയർമാരാണ് വായനോത്സവത്തിലുള്ളത്. കളിപ്പിച്ചും ചിരിപ്പിച്ചും മേളയിലെത്തുന്ന കുരുന്നു മനസ്സുകളിൽ സന്നദ്ധ സേവകർ ഇടം നേടിയിരിക്കുകയാണ്.

അപേക്ഷ നൽകിയവരിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട മികച്ച പ്രവർത്തകരെയാണ് സന്നദ്ധ സേവനത്തിൽ വിന്യസിച്ചിരിക്കുന്നത്. കല, ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളെ സ്നേഹിക്കുന്ന വ്യത്യസ്ത മനസ്സുമായി എത്തുന്ന കുട്ടികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന സർഗവാസനയെ വെളിച്ചം കാണിക്കാൻ സന്നദ്ധ പ്രവർത്തകർ സഹായിക്കുന്നുണ്ട്. കൂടുതൽ സന്നദ്ധ പ്രവർത്തകരെ വായനോത്സവത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അതിന്‍റെ ഭാഗമായി നൂറിലധികം സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് എസ്‌.ബി‌.എ ഇൻസ്റ്റിറ്റ്യൂഷനൽ കമ്മ്യൂണിക്കേഷൻ വകുപ്പ് മേധാവി ബദർ മുഹമ്മദ് സാബ് അറിയിച്ചു. നാടകങ്ങൾ, പ്രദർശന പവലിയനുകൾ, വിവിധ ശിൽപശാലകൾ എന്നിവ രജിസ്റ്റർ ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇവരുടെ ചുമതല. സമ്മേളനങ്ങളിലൂടെയും ഉത്സവങ്ങളിലൂടെയും കഴിവുകൾ നേടാൻ സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളിൽ ഒരാളായും അവരുടെ കൂട്ടുകാരായും പ്രവർത്തകർ ഇടപെടുമ്പോൾ അത് കൂടുതൽ ശക്തിയുള്ള സൗഹൃദത്തിലേക്ക് നയിക്കുന്നു. സ്വന്തം സുഹൃത്തുനോടെന്ന പോലെയാണ് മേളയിലെ പ്രവർത്തകർ കുട്ടികളുമായി ഇടപഴകുന്നത്.


അനൂജ നായർ


 എഴുത്തനുഭവങ്ങൾ പങ്കിടാൻ അനൂജ

ഷാർജ: കുട്ടികളുടെ വായനോത്സവത്തിൽ എഴുത്തനുഭവങ്ങൾ പങ്കിടാൻ കുട്ടി എഴുത്തുകാരി അനൂജ നായർ. രണ്ട്​ വർഷങ്ങളിലായി ആറ്​ പുസ്തകങ്ങളാണ് അനൂജ എഴുതിയത്. കവിതകളും വായനക്കാരെ ത്രില്ലടിപ്പിക്കുന്ന കഥകളുമൊക്കെയാണ് അനൂജയുടെ ഇഷ്ട എഴുത്തു മേഖലകൾ. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അനൂജ.

അനൂജയുടെ ആദ്യ പുസ്തകമായ ഷിമ്മർ ആൻഡ് ഷൈൻ എന്ന കവിത പുസ്തകത്തിൽ 66 കവിതകളാണുള്ളത്. ഒരു കൊച്ചു കുട്ടി ലോകത്തെ നോക്കി കാണുന്നതെങ്ങനെ എന്നാണ് ഈ പുസ്തകത്തിലെ കവിതകളുടെ ആശയം തന്നെ. 11ാം വയസ്സിൽ എഴുതി തുടങ്ങിയ അനൂജ ആറ്​ പുസ്തകങ്ങൾ ഇതുവരെ എഴുതി.

2020ൽ എഴുതിയ രണ്ടാമത്തെ പുസ്തകം മരിച്ചുപോയ മുത്തശ്ശിക്ക് വേണ്ടി സമർപ്പിച്ചാണ് എഴുതിയത്. ഗ്ലിറ്റർ ആൻഡ് ഗോൾഡ് എന്ന ഈ പുസ്തകം ജീവിതത്തിൽ താൻ മുത്തശ്ശിയോടൊപ്പം പങ്കിട്ട നല്ല ഇന്നലകളെ കുറിച്ചുള്ള കവിതാസമാഹാരമാണ്. 2020ൽ സാഹസിക കഥകളുടെ മിസ്റ്ററി ഓഫ് മഡഗാസ്കർ എന്ന തുടർക്കഥയും കുറിച്ചു.

കഴിഞ്ഞ വർഷം മൂന്ന്​ പുസ്തങ്ങളുമായാണ് അനൂജ വായനോത്സവത്തിലെത്തിയത്. നിഗൂഡതകൾ ഒളിഞ്ഞിരിപ്പുള്ള മിസ്റ്ററി ഓഫ് മഡഗാസ്കർ എന്ന തുടർക്കഥയുടെ അവസാനഭാഗവും 2021ൽ പ്രകാശനം ചെയ്തിരുന്നു. വായനക്കാരെ ആകാംശയുടെ മുൾമുനയിൽ നിർത്തുന്നതാണ് പെട്രോണ ഹ്യൂഗ്സ്​ മിസ്റ്ററി ഓഫ് മഡഗാസ്കർ. ഡിസയർ എന്ന കോളജ് ലൗ സ്റ്റോറിയും ഈ വർഷം തന്നെയാണ് അനൂജ പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ എഴുത്തുകാരനായ ചേതൻ ഭഗതാണ് പ്രിയപ്പെട്ട എഴുത്തുകാരൻ. ദുബൈയിലെ സ്ഥാപനത്തിൽ മാനേജിങ്ങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അച്ഛനും അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായ അമ്മക്കുമൊപ്പം ഷാർജയിലാണ് താമസം. 

Tags:    
News Summary - reading fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.