ദുബൈ: ലോകത്താകമാനം വിജയകരമായ വിമാന സർവിസ് നടത്തുന്ന ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയർലൈനിന് റെക്കോഡ് ലാഭം. എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനിക്ക് 2023-24 കാലത്ത് 1,870 കോടി ദിർഹമാണ് ലാഭം ലഭിച്ചിട്ടുള്ളത്. ഇത് മുൻ വർഷത്തേക്കാൾ 71 ശതമാനം വർധനയാണ്.
റെക്കോഡ് ലാഭം സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ ജീവനക്കാർക്ക് 20 ആഴ്ചത്തെ വേതനം ബോണസായി നൽകുമെന്ന് കമ്പനി അറിയിച്ചു. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുന്നത്. കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 1,12,406 ആണ്. ജീവനക്കാർ മുൻ വർഷത്തേക്കാൾ 10 ശതമാനം വർധിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം കമ്പനിക്ക് കൂടുതൽ വരുമാനവും ലാഭവും ലഭിച്ചതിന് സമാന്തരമായാണ് ജീവനക്കാരുടെ എണ്ണവും വർധിച്ചത്.
കഴിഞ്ഞ വർഷം ജീവനക്കാർക്ക് 24 ആഴ്ചത്തെ വേതനമാണ് ബോണസായി നൽകിയിരുന്നത്. എമിറേറ്റ്സിന്റെ കഴിഞ്ഞ വർഷത്തെ ആകെ വരുമാനം 3,730 കോടി ദിർഹമാണ്. കഴിഞ്ഞ രണ്ടു വർഷത്തെ കമ്പനിയുടെ ആകെ ലാഭം 2,960 കോടി ദിർഹമായിട്ടുണ്ട്. ഇത് കോവിഡ് മഹാമാരിയുടെ സമയത്തെ നഷ്ടം നികത്തുന്നതിന് പര്യാപ്തമാണ്.
കമ്പനിയുടെ നേട്ടം ഭാവിയിലേക്ക് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു.
ലോകത്താകമാനം വ്യോമ ഗതാഗതത്തിനും യാത്രാനുബന്ധ സേവനങ്ങൾക്കും ആവശ്യക്കാർ വർധിച്ചു. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് ഏറ്റവും വേഗത്തിൽ നൽകാൻ കഴിഞ്ഞതിലൂടെ നല്ല ഫലം കൊയ്യാൻ സാധിച്ചു -അദ്ദേഹം കൂട്ടിച്ചേർത്തു. 2024-25 വർഷത്തിലേക്ക് ശക്തമായ അടിത്തറയോടെയാണ് പ്രവേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റ്സിന്റെ വിമാനങ്ങളുടെ കൂട്ടത്തിലേക്ക് 10 പുതിയ എ 350 വിമാനങ്ങൾകൂടി ഇത്തവണ വന്നുചേരുന്നുണ്ട്. ദുബൈ വിമാനത്താവളം വഴി 2023ലെ കണക്കുകൾ പ്രകാരം 8 കോടി 70 ലക്ഷം യാത്രക്കാരാണ് കടന്നുപോയത്.
7 കോടി 75 ലക്ഷം ബാഗേജുകൾ ഈ കാലയളവിൽ കൈകാര്യം ചെയ്യുകയും ചെയ്തു. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ ഇവിടെനിന്ന് പറന്നത് സൗദി, യു.കെ വിമാനത്താവളങ്ങളിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.