കുതിര സവാരി ദുബായിൽ

ജനപ്രിയ ഹോബിയെന്ന നിലയിലും പ്രൊഫഷണൽ കായിക വിനോദമെന്ന നിലയിലും ഏറെ ആരാധകരുണ്ട് കുതിര സവാരിക്ക്. ദുബൈയിൽ തന്നെ നിരവധി പ്രൊഫഷണലുകളും അമച്വർമാരും തുടക്കക്കാരും കുതിരസവാരി നടത്തുന്ന വിവിധ സ്ഥലങ്ങളിലെത്തിച്ചേരാറുണ്ട്. ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മൽസരത്തിനും വേദിയാകാറുള്ളത് എമിറേറ്റാണ്. ഇവിടുത്തെ ഭരണാധികാരികളും കുതിരസവാരിയെയും കുതിരയോട്ടത്തെയും ഇഷ്ടപ്പെടുന്നവരും പ്രോൽസാഹിപ്പിക്കുന്നവരുമാണ്. വിവിധ അന്താരാഷ്ട്ര പരിപാടികളിലും മൽസരങ്ങളിലും ദുബൈയിലെ കുതിരയോട്ട ടീമുകൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാറുമുണ്ട്.

ഇത് ഇഷ്ടപ്പെടുന്നവർക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ദുബൈയിൽ നിരവധി മികച്ച സ്ഥാപനങ്ങളും ക്ലബുകളുമുണ്ട്. ഇവിടങ്ങളിൽ കുതിരകളെ നല്ലരീതിയിൽ പരിപാലിക്കുകയും മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ രാജ്യക്കാർക്കും പ്രായക്കാർക്കും കുതിരസവാരി പഠിക്കാനുള്ള സൗകര്യങ്ങളും പലയിടത്തായുണ്ട്. നിരവധി മാതാപിതാക്കൾ കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിൽ ചേർത്ത് പഠിപ്പിക്കാറുള്ളതാണ്. തങ്ങളുടെ ഹോബി കുട്ടികളെയും പഠിപ്പിക്കുക എന്നതിലപ്പുറം തലമുറകളിലേക്ക് പൈതൃക വൈദഗ്ധ്യം പകർന്നു നൽകുക എന്നതും രക്ഷിതാക്കൾ ലക്ഷ്യം വെക്കുന്നു.

കുതിരസവാരിയിൽ പ്രാവീണ്യം നേടുന്നതിന് കുറുക്കുവഴികളൊന്നുമില്ല. വിദഗ്ധരുടെ മേൽനോട്ടത്തിൽ പതിവ് പരിശീലനമാണ് വഴി. കുതിരസവാരി പരിശീലിപ്പിക്കുന്ന മികച്ച സ്ഥലങ്ങൾ നിരവധിയുള്ളയിടമാണ് ദുബൈ. ഇത് പരിശീലിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവം തന്നെ പകരുന്നതാണെന്ന് അനുഭവസ്ഥർ പറയുന്നു. സാഹസിക പ്രവർത്തനങ്ങളിൽ തൽപരരായ നിരവധി പ്രവാസികൾ കുതിരയോട്ടം ശീലിക്കാൻ ദുബൈ ജീവിത കാലത്ത് ശ്രമിക്കാറുണ്ട്. സ്മാർട്ട്ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും കാലത്ത് ഒരു ഔട്ട്ഡോർ ഹോബി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ദുബൈയിൽ കുതിര സവാരി ഏവർക്കും ആവേശംപകരുന്ന ഔട്ട്ഡോർ ആക്ടിവിറ്റിയാണെന്ന് ഉറപ്പു പറയാനാകും. പഠിക്കാനല്ലാതെ വിനോദമെന്ന നിലയിൽ കുതിര സവാരി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പല ഫാമുകളിലും റിസോർട്ടുകളിലുമെല്ലാം സൗകര്യങ്ങളുണ്ട്. 


കുതിര സവാരിക്കുള്ള സ്ഥലങ്ങൾ

ദുബൈയിൽ കുതിര സവാരിക്ക് നിരവധി മികച്ച സ്ഥലങ്ങളുണ്ട്. സവാരി നടത്താനും പരിശീലിക്കാനും ഇവിടങ്ങളിൽ സൗകര്യമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ കാഴ്ചക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന റേസുകൾ, ഡ്രെസ്സേജ്, എൻഡുറൻസ് റേസിങ്, ഷോ ജമ്പിങ് എന്നിവയുമുണ്ട്. ഇത്തരം ക്ലബുകളിൽ ചിലത് പരിചയപ്പെടാം:

1. ജബൽ അലി ഇക്വസ്ട്രിയൻ ക്ലബ്: മികച്ച പരിശീലന സൗകര്യവും കുതിരകളുടെ മികച്ച പരിപാലനവും ഇവിടുത്തെ പ്രത്യേകതകളാണ്. എയർകണ്ടീഷൻ ചെയ്ത തൊഴുത്തുകളും വിശാലമായ പറമ്പുകളും ഒരുക്കി ഇവക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കിയിട്ടുണ്ട്. യോഗ്യരായ ഇൻസ്ട്രക്ടർമാരാണ് തുടക്കക്കാർക്ക് പരിശീലനം നൽകുന്നത്.

2. അൽ അഹ്ലി ഹോഴ്സ് റൈഡിങ് സെന്‍റർ: ദുബൈക്കും ഷാർജക്കും സമീപം അൽ ഖിസൈസിൽ സ്ഥിതി ചെയ്യുന്ന കുതിരസവാരി കേന്ദ്രമാണിത്. പോണി റൈഡിങ്, കുതിരസവാരി, ജനറൽ റൈഡിങ്, ഷോ ജമ്പിങ് എന്നിവ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.

3. മുഷ്രിഫ് പാർക്ക്: മുഷ്‌രിഫ് പാർക്കിലെ കുതിരസവാരി കേന്ദ്രം ദുബൈയിലെ കുതിര സവാരിക്കുള്ള മറ്റൊരു മികച്ച സ്ഥലമാണ്. അമച്വർകൾക്കും പരിചയസമ്പന്നരായ കുതിരസവാരിക്കാർക്കും ഇവിടെ സൗകര്യമുണ്ട്. ദുബൈയിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി കുതിരസവാരിക്കുള്ള മികച്ച സ്ഥലമാണിത്. സെഷനുകൾക്ക് 300 ദിർഹം മുതലാണ് ഇവിടെ നിരക്ക്.

4. എമിറേറ്റ്സ് ഇക്വസ്ട്രിയൻ സെന്‍റർ: ബ്രിട്ടീഷ് ഹോഴ്സ് സൊസൈറ്റി സെന്‍റർ അംഗീകരിച്ച മിഡിൽ ഈസ്റ്റിലെ ഏക കേന്ദ്രമാണിത്. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനമാണിവിടെ ലഭിക്കുന്നത്. പരിശീലനം സെപ്റ്റംബർ പകുതി മുതൽ ജൂൺ പകുതി വയെുള്ള കാലയളവിലാണ് ഇവിടെയുണ്ടാകാറുള്ളത്.

5. ദി ഡെസേർട്ട് പാം റൈഡിങ് സ്കൂൾ: ഇവിടെ എഴുപത് കുതിരകളുണ്ട്. ഇതിൽ സ്വകാര്യ കുതിരകളും ക്ലബ്ബിന്‍റെ ഉടമസ്ഥതയിലുള്ള കുതിരകളും ഉൾപ്പെടുന്നു. സ്പാനിഷ് ആർകിടെക്ട് രൂപകൽപന ചെയ്ത സ്കൂൾ കാഴ്ചക്ക് തന്നെ മനോഹരമാണ്.

6. ദുബൈ പോളോ ആൻഡ് ഇക്വസ്ട്രിയൻ ക്ലബ്: തുടക്കക്കാർക്ക് ദുബൈയിലെ കുതിര സവാരിക്ക് ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്. ഷോ ജമ്പിങ്, പോളോ ഇവന്‍റുകളും ക്ലബ് സംഘടിപ്പിക്കാറുണ്ട്. 

Tags:    
News Summary - Ride horses in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.