ദുബൈ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഊദ് മേത്തയിൽ ആരംഭിച്ച റോഡ് നവീകരണം പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഉമ്മു ഹുറൈർ സ്ട്രീറ്റിൽനിന്ന് ഊദ് മേത്തയിലേക്കുള്ള എൻട്രി പോയന്റുകൾ മെച്ചപ്പെടുത്തൽ, റോഡിനകത്തേക്കും പുറത്തേക്കും വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളുന്നതിന് 317 മീറ്ററിൽ വേഗം കുറഞ്ഞതും കൂടിയതുമായ രണ്ട് പാതകളുടെ നിർമാണം എന്നിവയാണ് പദ്ധതിയിലൂടെ പൂർത്തീകരിച്ചത്.
കൂടാതെ ഉമ്മു ഹുറൈർ സ്ട്രീറ്റിലെ സർവിസ് റോഡ് എക്സിറ്റ് 100 മീറ്റർ നീളത്തിൽ രണ്ട് വരിയിൽനിന്ന് മൂന്നായി വികസിപ്പിക്കുകയും ചെയ്തു. ഇതോടെ റോഡിന്റെ ശേഷി 50 ശതമാനം വർധിപ്പിക്കാനും യാത്രാസമയം 40 ശതമാനം കുറക്കാനും സാധിച്ചു.
ഗതാഗതം സുഗമമാക്കുന്നതിനും ഊദ് മേത്തയിലെ അതിവേഗം വളരുന്ന ബിസിനസ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി റോഡുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങളും പൂർത്തിയായതായി ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
താമസ കെട്ടിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, സാമൂഹിക, സാംസ്കാരിക, കായിക സൗകര്യങ്ങൾ എന്നിവ അടങ്ങിയ ഊദ് മേത്ത സ്ട്രീറ്റിൽ റോഡപകടങ്ങൾ കുറക്കുന്നതിനും സുരക്ഷ ഉറപ്പുനൽകുന്നതിനും നവീകരണ പ്രവൃത്തികൾ സഹായകമാവും. വാണിജ്യ സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദർശകർക്കായി 27 പാർക്കിങ് സ്ഥലങ്ങളും ആർ.ടി.എ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ വാഹനങ്ങളുടെ കാത്തിരിപ്പ് ലഘൂകരിക്കുന്നതിനായി ഉമ്മു ഹുറൈർ റൗണ്ട് എബൗട്ടിലേക്കുള്ള സ്ട്രീറ്റ് നമ്പർ 2 വിപുലീകരിച്ചു.
അതോടൊപ്പം റൗണ്ട് എബൗട്ടിന്റെ ഉപരിതലം മെച്ചപ്പെടുത്തി പ്രധാന റോഡിലേക്ക് തിരിയുന്ന പാതകളുടെ എണ്ണം രണ്ടിൽനിന്ന് മൂന്നാക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.