ദുബൈ: എക്സ്പോ 2020 ലോകമേളയുടെ പ്രധാന സവിശേഷതകളിലൊന്നാണ് സന്ദർശകരെ സഹായിക്കാനും സ്വീകരിക്കാനും ഒരുക്കിയ റോബോട്ടുകൾ.
നൂറിലേറെ ചൈനീസ് നിർമിത 'യന്തിരൻ'മാരാണ് തയാറായിനിൽക്കുന്നത്. എക്സ്പോ കവാടം കടന്നുവരുന്ന സന്ദർശകരെ അഭിവാദ്യം ചെയ്ത് സ്വീകരിക്കുകയും ഭക്ഷണം വിളമ്പുകയും നിർദേശങ്ങൾ നൽകുകയും ഫോട്ടോ പകർത്തുകയും ചെയ്യും കുഞ്ഞൻ റോേബാട്ടുകൾ. ചില പരിപാടികളിൽ അവതാരകരായും റോബോട്ടുകളെത്തും.
എക്സ്പോയിലെ മൂന്നു തീമുകളായ മൊബിലിറ്റി, ഒാപർചൂനിറ്റി, സസ്റ്റൈനബിലിറ്റി എന്നിവയിലെ പവലിയനുകൾക്ക് പ്രത്യേകം രൂപത്തിലുള്ള റോബോട്ടുകൾ 'ഗാർഡിയനു'കളായി ഉണ്ടാകും. അലിഫ് എന്നാണ് 'ചലനാത്മകത' പവലിയൻ റോബോട്ട് ഗാർഡിയൻ. ഒപ്റ്റി എന്ന് 'അവസരം' പവലിയനിലെ റേബോട്ടും 'ടെറ' എന്ന് സുസ്ഥിരത പവലിയനിലെ യന്ത്രമനുഷ്യനും അറിയപ്പെടുന്നു. മൾടി ടച്ച് സ്ക്രീനും ഫൈവ് ജി സാങ്കേതികത്തികവും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് ഇവയിലുള്ളത്.
ചൈനീസ് കമ്പനിയായ ടെർമിനസ് ഗ്രൂപ്പാണ് റോബോട്ടുകൾ വികസിപ്പിച്ചത്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സ്മാർട് ടെക്നോളജി എന്നിവയിൽ ലോകത്തെ മികച്ച കമ്പനികളിലൊന്നാണിത്. എക്സ്പോ 2020യുടെ ഔദ്യോഗിക പങ്കാളികൂടിയാണ് കമ്പനി. ടെർമിനസ് ഗ്രൂപ് ലോകത്ത് ചൈനക്ക് പുറത്ത് ആരംഭിച്ച ആദ്യ പ്രവർത്തനകേന്ദ്രം ദുബൈയാണ്.
പുതിയ സാങ്കേതികവിദ്യയുടെ പ്രദർശനങ്ങളുടെ കാര്യത്തിൽ തുല്യതയില്ലാത്ത അനുഭവമായിരിക്കും എക്സ്പോ സമ്മാനിക്കുകയെന്നും അക്കാര്യത്തിൽ ടെർമിനസ് ഗ്രൂപ്പുമായുള്ള സഹകരണം വിലപ്പെട്ടതായാണ് കാണുന്നതെന്നും മേളയുടെ ചീഫ് ടെക്നോളജി ഓഫിസർ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട് കോടിയിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന എക്സ്പോയിലെത്തുന്നവർക്ക് കൗതുകവും ആഹ്ലാദവും പകരുന്നതായിരിക്കും റോബോട്ടുകളുടെ സാന്നിധ്യം. മേളയുടെ സുരക്ഷ ഭദ്രമാക്കാനും ഇതിെൻറ സാങ്കേതിക മികവ് ഉപയോഗിക്കപ്പെടും. ആയിരക്കണക്കിന് വളന്‍റിയർമാർക്കൊപ്പം 'സേവന സന്നദ്ധരായ' റേബോട്ടുകളും കൂടിയാവും എക്സ്പോയുടെ നടത്തിപ്പുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.