ദുബൈ: എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലിക്കി’ന്റെ കഴിഞ്ഞ വർഷത്തെ ലാഭക്കണക്കുകൾ പുറത്തുവിട്ട് അധികൃതർ. 109കോടി ദിർഹമാണ് ലാഭമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ആകെ വരുമാനം 2022നേക്കാൾ 11.4ശതമാനം വർധിച്ച് 210കോടി ദിർഹമായിട്ടുണ്ട്. വാഹന ഗതാഗതത്തിന്റെ വർധനവും ദുബൈ സമ്പദ്വ്യവസ്ഥയുടെ എല്ലാ തലത്തിലുമുള്ള മുന്നേറ്റവുമാണ് ഇതിന് കാരണമായത്.
ഐ.പി.ഒ സമയത്ത് വ്യക്തമാക്കിയ ‘സാലികി’ന്റെ തീരുമാനമനുസരിച്ച് ലാഭത്തിന്റെ 100 ശതമാനവും ഡിവിഡൻറ് പ്ലാനായി നൽകും. 12 മാസത്തിനിടെ സാലിക് 20 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ലെ ആദ്യ പകുതിയിൽ 54.2ലക്ഷം ദിർഹമും രണ്ടാം പകുതിയിൽ 52.9ലക്ഷം ദിർഹമുമാണ് ലാഭമായി രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസങ്ങളിൽ ദുബൈയിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലിക്കി’ന്റെ ഓഹരി നിരക്കിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു.
മൂന്നു മാസത്തിനിടെ 35ശതമാനത്തിലേറെ നിരക്ക് വർധിച്ചതായാണ് കണക്ക് പുറത്തുവന്നത്. രണ്ട് ടോൾ ഗേറ്റുകൾ കൂടി നിർമിക്കുമെന്ന പ്രഖ്യാപനം കൂടി പുറത്തുവന്നതാണ് ഓഹരി വിപണിയിൽ ‘സാലിക്കി’നെ ശക്തിപ്പെടുത്തിയത്. പുതിയ ഗേറ്റുകളുടെ പ്രഖ്യാപനം വന്നതോടെ ഓഹരിക്ക് 3.72ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം ഒരു ദിർഹമാണ് ഓഹരി വില കൂടിയത്.
അതേസമയം ഹൃസ്വകാല നിക്ഷേപകർ ഓഹരികൾ വിൽക്കാൻ തുടങ്ങിയതോടെ നിരക്ക് പിന്നീട് കുറയുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബർ 29ന് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ട ‘സാലികി’ന്റെ നിരക്കിൽ ഇതിനകം 75ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. കുറഞ്ഞ മൂലധനം ആവശ്യമുള്ള ബിസിനസ് നിക്ഷേപ അവസരം എന്ന നിലയിൽ ഓഹരി വിപണിയിൽ പ്രവേശിച്ചയുടൻ തന്നെ വലിയ തിരക്കാണ് ഇത് സ്വന്തമാക്കാനുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ‘സാലിക്ക്’ ഓഹരി ഉടമകൾക്ക് 49 കോടി ദിർഹം ലാഭവിഹിതം വിതരണം ചെയ്തിരുന്നു. 2023 മുതൽ, അറ്റാദായത്തിന്റെ 100 ശതമാനം ലാഭവിഹിതമായി നൽകുമെന്നത് നിക്ഷേപകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇത് നടപ്പിലാക്കുന്നതോടെ ഓഹരികളുടെ ആവശ്യം വീണ്ടും ഉയരാനും സാധ്യതയുണ്ട്. അതോടൊപ്പം ഇമാർ മാളുകളുടെ പാർക്കിങ് ഓപറേഷൻ കൂടി സാലിക് ഏറ്റെടുക്കുന്നതോടെ വീണ്ടും ലാഭം വർധിക്കാനും നിക്ഷേപകരെ കൂടുതൽ ആകർഷിക്കാനും കഴിഞ്ഞേക്കും.
ബിസിനസ് ബേ ക്രോസിങിലും അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ ‘സാലിക്ക്’ സ്ഥാപിക്കുന്നത്.
ഈ വർഷം നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. അൽഖൈൽ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെയാണ് ബിസിന് ബേ ക്രോസിങിൽ റോഡ് ചുങ്കമായ സാലിക് ഈടാക്കി തുടങ്ങുക. നഗരത്തിലെ പ്രാധാന പാതയായ ശൈഖ് സായിദ് റോഡിൽ അൽസഫയിൽ നിലവിലുള്ള ടോൾഗേറ്റിന് പുറമേ അൽ മെയ്ദാൻ, ഉമ്മുശരീഫ് സ്ട്രീറ്റുകൾക്കിടയിൽ അൽസഫ സൗത്ത് എന്ന പേരിൽ മറ്റൊരു ടോൾ ഗേറ്റും പ്രവർത്തനമാരംഭിക്കും.
അൽ സഫയിലെ ഒരു ടോൾ ഗേറ്റ് കടന്ന് ഒരു മണിക്കൂറിനകം രണ്ടാമത്തെ ഗേറ്റ് കൂടി കടക്കുന്ന വാഹനങ്ങളിൽ നിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂ. നിലവിൽ എട്ടിടങ്ങളിലാണ് ദുബൈ നഗരത്തിൽ സാലിക് ഗേറ്റുകളുള്ളത്. പുതിയ രണ്ടെണ്ണം കൂടി സ്ഥാപിക്കുന്നതോടെ ടോൾഗേറ്റുകളുടെ എണ്ണം പത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.