ദുബൈ: സൗദി ദേശീയദിനമായ ശനിയാഴ്ച യു.എ.ഇയിലെ ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ സൗദിയിൽനിന്നെത്തിയ യാത്രക്കാരെ മധുരം നൽകി സ്വീകരിച്ചു.
അറബ് പരമ്പരാഗത മധുരവിഭവങ്ങളും റോസാപ്പൂക്കളുമാണ് യാത്രക്കാർക്കു നൽകിയത്. യു.എ.ഇയും സൗദിയും തമ്മിലെ സാഹോദര്യബന്ധത്തിന്റെ പ്രതിഫലനമെന്ന നിലക്കാണ് സ്വീകരണം ഒരുക്കിയത്.
വിമാനത്താവളം ജീവനക്കാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഒരുക്കിയത്. നിരവധി സൗദി പൗരന്മാരാണ് കഴിഞ്ഞ ദിവസം യു.എ.ഇയിൽ എത്തിച്ചേർന്നത്.
ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ, ദുബൈ കസ്റ്റംസ് എന്നിവയുമായി ചേർന്നാണ് സ്വീകരണമൊരുക്കിയതെന്ന് ദുബൈ വിമാനത്താവളം അധികൃതർ സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു.
ജീവനക്കാർ സൗദി പൗരന്മാർക്ക് ആശംസകൾ കൈമാറിക്കൊണ്ടാണ് മധുരം വിതരണം ചെയ്തത്. യാത്രക്കാർ ഊഷ്മളമായ സ്വീകരണത്തിന് നന്ദിയറിയിക്കുകയും ചെയ്തു. ആഗസ്റ്റ് അവസാനം വരെയുള്ള കണക്കനുസരിച്ച് ഷാർജ വിമാനത്താവളത്തിലെ ആകെ യാത്രക്കാരിൽ 10 ശതമാനം പേരും സൗദിയിൽനിന്നുള്ളവരാണ്. ഈ വർഷം മാത്രം എട്ടു മാസത്തിൽ 15 ലക്ഷം യാത്രക്കാരാണ് ഇവിടെയെത്തിയത്.
സഹോദരരാജ്യമായ സൗദിയുടെ 93ാം ദേശീയദിനത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആശംസകളറിയിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇൻസ്റ്റഗ്രാമിൽ സൗദിയെ അഭിനന്ദിച്ച് വിഡിയോയും പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.