ദുബൈ: കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ അവസാന ദുബൈ, ഷാർജ വിമാനങ്ങളും പറന്നു. ശനിയാഴ്ച ഉച്ചക്ക് 1.10 ന് ദുബൈയിൽ നിന്നും രാത്രി 11.45ന് ഷാർജയിൽ നിന്നുമാണ് അവസാന വിമാനങ്ങൾ പറന്നുയർന്നത്. ഈ സർവിസ് അവസാനിച്ചതോടെ ആഴ്ചയിൽ 2200 സീറ്റുകളുടെ കുറവുണ്ടാകും. പ്രവാസിസമൂഹം നെഞ്ചോട് ചേർത്ത ഈ സർവിസുകൾ തിരിച്ചുവരുമോ എന്നത് തീരുമാനിക്കേണ്ടത് ഇനി എയർ ഇന്ത്യ മാനേജ്മെന്റാണ്. ഈ വേനൽക്കാല ഷെഡ്യൂളിൽ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ ഈ സർവിസുകളടക്കം നിരവധി സർവിസുകൾ നിർത്തലാക്കിയിട്ടുണ്ട്.
ദുബൈയിൽനിന്ന് മുംബൈ, ഡൽഹി, ഗോവ, ഇന്ദോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഏതാനും സർവിസുകളും ഇന്നുമുതൽ നിർത്തലാക്കി.
ദുബൈയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ റൂട്ടുകൾ ഇന്ന് മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ഏറ്റെടുക്കുമെന്ന് നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി. അബ്ദു സ്സമദ് സമദാനിയെ അറിയിച്ചിരുന്നു. എന്നാൽ, ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. മാർച്ച് 26 മുതൽ ദുബൈ- കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവിസുകൾ മാത്രമാണുള്ളത്. വൈകീട്ട് അഞ്ചിനും രാത്രി 11.40 നുമാണ് ഈ സർവിസുകൾ. ഇതോടെ ദുബൈയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിനും എയർ ഇന്ത്യക്കും കൂടിയുണ്ടായിരുന്ന മൂന്ന് സർവിസുകൾക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവിസുകളിൽ ടിക്കറ്റ് ബുക്കിങ് കാണിക്കുന്നത്. ഈ റൂട്ടിൽ അതും ചൊവ്വാഴ്ചകളിൽ ഒറ്റ സർവിസ് മാത്രമാണ് ബുക്കിങ് കാണിക്കുന്നത്.
ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യയുടെ സർവിസിന് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. രാത്രി 10ന് പുറപ്പെട്ട് പുലർച്ചെ 3.40ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് ഈ സർവിസിന്റെ സമയം സൈറ്റുകളിൽ കാണിക്കുന്നത്. ഇതുവരെ എല്ലാ ദിവസവും ഇതേ റൂട്ടിൽ ഉച്ചക്ക് 12.55 ന് ഉണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് മാർച്ച് 26 മുതൽ തിങ്കൾ, വെള്ളി, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ മാത്രമാകും. ഈ ദിവസങ്ങളിൽ ഉച്ചക്ക് 1.10 ന് പുറപ്പെട്ട് വൈകീട്ട് 6.50 ന് കോഴിക്കോട്ട് എത്തും.
യു.എ.ഇ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ നിർത്തുന്നത്തോടെ രണ്ട് വശങ്ങളിലേക്കുമുള്ള വിമാന സീറ്റുകളിൽ ഗണ്യമായ കുറവ് വരും. എയർഇന്ത്യ എക്സ്പ്രസിന്റെ ഒരു ബോയിങ് വിമാനത്തിൻ 189 ഇക്കോണമി സീറ്റുകളാണുള്ളത്. ആഴ്ചയിൽ ദുബൈ -കോഴിക്കോട് റൂട്ടിൽ 1500ഓളം സീറ്റുകളുടെ കുറവ് വരും. ഷാർജ - കോഴിക്കോട് റൂട്ടിൽ 750ഓളം സീറ്റുകളുടെ കുറവും വരും. ഇത് തിരക്കുള്ള സമയങ്ങളിൽ പ്രവാസികളുടെ യാത്രാദുരിതത്തിന് ആക്കം കൂട്ടം. ഇപ്പോൾ തന്നെ ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ വേനൽ അവധിയായതിനാൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കും രണ്ട് പെരുന്നാൾ അവധികളൊടാനുബന്ധിച്ച് ഇരു വശങ്ങളിലേക്കും വൻ നിരക്കാണ് കാണിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ യു.എ.ഇ.യിലെ വിദ്യാലയങ്ങളിലെ വേനലാവധിയെ തുടർന്ന് കേരളത്തിലേക്കും തിരിച്ചും വിമാന കമ്പനികൾ ഉയർന്ന നിരക്കാണ് ഇപ്പോൾ തന്നെ ഈടാക്കുന്നത്. എയർ ഇന്ത്യയിൽ നിന്ന് ലഭിച്ച പല സൗകര്യങ്ങളും ആനുകൂല്യങ്ങളും യാത്രക്കാർക്ക് നഷ്ടമാകും. ബിസിനസ് ക്ലാസ്, രോഗികൾക്കുള്ള സ്ട്രചർ സൗകര്യം, വിഭവസമൃദ്ധമായ ഭക്ഷണം, എയർലൈൻ ജീവനക്കാരുടെ ആദിത്യ മര്യാദ, ടിക്കറ്റുകൾക്ക് റദ്ദ് ചെയ്യാനും തീയതി മാറ്റാനുമുള്ള പ്രത്യേകം ആനുകൂല്യങ്ങൾ തുടങ്ങിയവ ഇവയിൽപെടുന്നു.
ഇന്ത്യ - യു.എ.ഇ സെക്ടറിൽ അധിക സീറ്റുകൾക്ക് വേണ്ടിയുള്ള യു.എ.ഇയുടെ ആവശ്യം ഇന്ത്യൻ വിമാന കമ്പനികളുടെ എതിർപ്പ് കാരണം ഇന്ത്യൻ വ്യോമയാന മന്ത്രാലയം കഴിഞ്ഞദിവസം നിരസിക്കുകയായിരുന്നു. അതേ സമയമാണ്, എയർ ഇന്ത്യ പല സർവീസുകളും റദ്ദാക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിദേശ സർവീസുകൾ ആരംഭിച്ചത് മുതൽ തുടർന്നുവരുന്ന സർവീസാണ് എയർ ഇന്ത്യയുടെ കോഴിക്കോട് - ഷാർജ സർവീസ്. മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിനു ശേഷമാണ് ഈ സർവീസ് നിർത്തിയത്.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയുണ്ടായിരുന്നപ്പോൾ തിരക്കുള്ള സമയങ്ങളിൽ ചെറിയ വിമാനങ്ങൾക്ക് പകരം കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചും എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ സർവീസ് നടത്താറുണ്ടായിരുന്നു. എയർ ഇന്ത്യ പിന്മാറുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി ലഭിച്ചാലും പ്രവാസികൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യവും ഇല്ലാതാകും. പ്രവാസി കൂട്ടായ്മകളിൽ നിന്നും കേരളത്തിലെ ജനപ്രതിനിധികളിൽ നിന്നും ശക്തമായ സമ്മർദ്ദം ഉയർന്നുവന്നെങ്കിൽ മാത്രമേ എയർ ഇന്ത്യയുടെ തിരിച്ചുവരവ് യാഥാർഥ്യമാകുകയുള്ളൂ.
എയർ ഇന്ത്യ എകസ്പ്രസിന്റെ ഷെഡ്യൂളുകളിൽ വ്യത്യാസമുള്ളതിനാൽ യാത്രക്ക് മുൻപ് യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. പി.എൻ.ആർ മാറ്റങ്ങൾ ഇ-മെയിൽ വഴിയോ ഫോൺ നമ്പർ വഴിയോ ലഭിച്ചേക്കില്ലെന്നും അവർ വ്യക്തമാക്കി. എയർ ഇന്ത്യ നിർത്തലാക്കിയ സെക്ടറുകളിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർ എയർഇന്ത്യയുടെയും എയർഇന്ത്യ എക്സ്പ്രസിന്റെയും സെയിൽസ് ടീമിനെ ഫോൺ മുഖേന ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യണം. ഫോൺ: എയർഇന്ത്യ: 06 5970444, എയർഇന്ത്യ എക്സ്പ്രസ് 06 5970303.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.