ദുബൈ: യു.എ.ഇയിലെ മുൻനിര ആരോഗ്യ പ്രവർത്തകരുടെ കുട്ടികൾക്ക് സമ്പൂർണ സ്കോളർഷിപ് നൽകാൻ പദ്ധതി. ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത് വരെയാണ് സ്കോളർഷിപ് നൽകുന്നത്. ഹയ്യാക്കും എന്ന പേരിലാണ് പദ്ധതി. വിദ്യാർഥികളുടെ ലാപ്ടോപ് മുതൽ സ്കൂളിലേക്കുള്ള യാത്രവരെ സർക്കാർ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി. ഈ മാസം 30 വരെ അപേക്ഷ സ്വീകരിക്കും.
നിലവിൽ ആരോഗ്യ പ്രവർത്തകരുടെ 1,850 കുട്ടികൾക്ക് സമാനമായ രീതിയിൽ സ്കോളർഷിപ് നൽകുന്നുണ്ട്. ഇത് കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വിവിധ രാജ്യക്കാരായ ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദിെൻറ മേൽനോട്ടത്തിൽ വിദ്യാഭ്യാസമന്ത്രാലയവും ഫ്രണ്ട് ലൈൻ ഹീറോസ് ഓഫിസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യ പ്രവർത്തകരെ ആദരിക്കാനും ക്ഷേമം ഉറപ്പുവരുത്താനും അടുത്തിടെയാണ് ഫ്രണ്ട് ലൈൻ ഹീറോസ് ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. പുതിയ അധ്യയന വർഷത്തിൽ മുൻനിര ആരോഗ്യ പ്രവർത്തകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും അവരെ രാജ്യത്ത് കൂടുതൽ നാൾ തുടരാൻ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.