അൽഐൻ: ഗൾഫ് നാടുകളിലെ പ്രവാസികളുടെ ആഘോഷമായിരുന്ന മധ്യവേനൽ അവധിക്കാലം വന്നെത്തി. ഇനിയുള്ള രണ്ട് മാസം അവധിയാണെങ്കിലും ആഘോഷങ്ങളും ആനന്ദത്തിമിർപ്പുമില്ലാത്ത ദിനങ്ങളാണ് കാത്തിരിക്കുന്നത്. യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ കുറവാണെങ്കിലും മുൻകാലങ്ങളിലേത് പോലെ 'അൺലിമിറ്റഡ്' അടിച്ചുപൊളിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. നാട്ടിലെത്തിയാൽ കുടുങ്ങുമോ എന്ന് ഭയമുള്ളതിനാൽ കേരളത്തിലേക്കുള്ള അവധിക്കാല ഒഴുക്കും ഇക്കുറിയില്ല.
വ്യാഴാഴ്ചയാണ് സ്കൂളുകൾ അടച്ചത്. ആഗസ്റ്റ് 29ന് തുറക്കും. മഹാമാരിക്കിടയിൽ ഓൺലൈൻ പഠനവും വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിൽ എത്തിയുള്ള പഠനവും സംയുക്തമായാണ് ഒരു വർഷത്തിലധികമായി നടന്നിരുന്നത്. ഈ രണ്ട് പഠന രീതികൾക്കും ഇനി അവധിക്കാലമാണ്. സെപ്റ്റംബർ മുതലാണ് വിവിധ എമിറേറ്റുകളിലെ സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ലാസ്സ് മുറികളിൽ എത്തിയുള്ള പഠനം പുനരാരംഭിച്ചത്. അപ്പോഴും ഓൺലൈൻ പഠനമോ ക്ലാസ്സ് മുറികളിൽ എത്തിയുള്ള പഠനമോ തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അവസരമുണ്ടായിരുന്നു. അറബ് കരിക്കുലം ഉൾപെടെയുള്ള സ്കൂളുകളിൽ അധ്യയന വർഷം ഇന്നലെ അവസാനിച്ചു.
മലയാളി കുട്ടികൾ ഏറെയുള്ള ഏഷ്യൻ കരിക്കുലം സ്കൂളുകളുടെ ഒന്നാം ടേമാണ് കഴിഞ്ഞത്. അവധി കഴിഞ്ഞ് ആഗസ്റ്റ് 29ന് തിരിച്ചെത്തുേമ്പാൾ രണ്ടാം ടേം തുടങ്ങും. ഓൺലൈൻ- ഓഫ്ലൈൻ പഠനമായതിനാൽ വിദ്യാർഥികൾക്ക് ക്ലാസുകൾ പലതും നഷ്ടമായിരുന്നു. അതിനാൽ, അവധിക്കാലത്തും വീട്ടിലിരുന്ന് ചെയ്യാൻ എമ്പാടും പഠന പ്രവർത്തനങ്ങളുണ്ടാവും.
സാധാരണ മധ്യവേനൽ അവധിയായാൽ കടുത്ത ചൂടിൽ നിന്ന് രക്ഷതേടി കുടുംബസമേതം നാട്ടിൽ പോകുന്നത് പതിവായിരുന്നു. എന്നാൽ, കോവിഡ് എത്തിയതോടെ രണ്ട് വർഷമായി ഈ പതിവ് മാറി. കഴിഞ്ഞ വർഷം യാത്രാവിലക്കുണ്ടായിരുന്നതിനാൽ അവധിക്കാലം ഇവിടെയാണ് കഴിച്ചുകൂട്ടിയത്. ഇക്കുറിയെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും.
എന്നാൽ, കഴിഞ്ഞ വർഷം നാട്ടിൽ പോകാൻ കഴിയാതിരുന്ന വിവിധ എമിറേറ്റ്സുകളിലെ സ്കൂൾ ജീവനക്കാരിൽ നല്ലൊരു വിഭാഗവും ഈ അവധിക്ക് നാട്ടിൽ പോകുന്നുണ്ട്. വൈകാതെ ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷിയിലാണ് ഇവരുടെ യാത്ര. ആഗസ്റ്റിൽ സ്കൂൾ തുറക്കുേമ്പാൾ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അബൂദബിയിൽ കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതും ഗുണകരമായ സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.