ദുബൈ: അന്താരാഷ്ട്ര ആംഗ്യഭാഷ ദിനത്തോടനുബന്ധിച്ച് ദുബൈ പൊലീസ് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്ക് ആംഗ്യഭാഷയിൽ പ്രാക്ടിക്കൽ കോഴ്സ് സംഘടിപ്പിച്ചു. നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ശാക്തീകരണ കൗൺസിൽ, പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ എന്നിവർ ചേർന്ന് അൽ ബർഷയിലെ അൽ മവാക്കിബ് സ്കൂളിലാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. 105ലധികം കുട്ടികൾക്ക് പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ജനങ്ങൾക്കിടയിൽ ആംഗ്യഭാഷയും അതിന്റെ ഉപയോഗവും സംബന്ധിച്ചുള്ള ബോധവത്കരണത്തിന് നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ശാക്തീകരണ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ മേജർ അബ്ദുല്ല അൽ ശംസി പറഞ്ഞു. മൂകരായ ആളുകളെ സമൂഹത്തോടു ചേർത്തുനിർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
സന്തോഷകരമായ സമൂഹത്തെയും സുരക്ഷിത നഗരത്തെയും പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബൈ പൊലീസ് നടപ്പാക്കുന്ന നയങ്ങളോട് ചേർന്നു നിൽക്കുന്നതാണീ സംരംഭം എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിശ്ചയദാർഢ്യ വിഭാഗങ്ങളെ ശാക്തീകരിക്കാനും ‘എന്റെ സമൂഹം എല്ലാവരുടെയും’ എന്ന ദുബൈയുടെ സംരംഭത്തെയും ഇത് പിന്തുണക്കും. ദുബൈ പൊലീസിന്റെ മ്യൂസിക്കൽ ബാൻഡിന്റെ കെ9 ഷോ, ടൂറിസ്റ്റ് സെക്യൂരിറ്റി പട്രോളുകൾ, മൗണ്ടഡ് പൊലീസ് ഷോ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.