ദുബൈ: രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് കുട്ടികൾ തിങ്കളാഴ്ച വീണ്ടും വിദ്യാലയ മുറ്റത്തേക്ക്. യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലെ പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കം.

അതേസമയം, കൂടുതൽ മലയാളി വിദ്യാർഥികൾ പഠിക്കുന്ന ഏഷ്യൻ കരിക്കുലം വിദ്യാർഥികൾക്ക് തിങ്കളാഴ്ച രണ്ടാം ടേം ആണ് തുടങ്ങുന്നത്. വേനലവധിക്ക് മുമ്പേ ഇവരുടെ ഒന്നാം ടേം കഴിഞ്ഞിരുന്നു.

മഴയിൽ കുതിർന്ന നാട്ടിലെ അവധിക്കാലം കഴിഞ്ഞ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം യു.എ.ഇയിലെ പെരുംചൂടിലേക്ക് എത്തിക്കഴിഞ്ഞു. വിമാന ടിക്കറ്റിന്റെ അമിതനിരക്കിന്റെ ഇരകളായി ലക്ഷങ്ങൾ മുടക്കിയായിരുന്നു ഇത്തവണത്തെയും യാത്ര. ഏഷ്യൻ പാഠ്യപദ്ധതിയിൽ പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറെ ആസ്വാദ്യകരമായ ടേമായിരിക്കും ഇത്.

ഏഷ്യൻ സ്കൂളുകളിൽ കലാകായിക മത്സരങ്ങളും പഠനയാത്രകളും നടക്കാറുള്ളത് ഈ സമയത്താണ്.കോവിഡിനെ തുടർന്ന് മുൻ വർഷങ്ങളിൽ ഇത്തരം പരിപാടികൾ പരമാവധി ഒഴിവാക്കിയിരുന്നു. എന്നാൽ, നിലവിൽ വലിയ നിയന്ത്രണങ്ങളില്ലാത്തതിനാൽ നാളുകൾക്ക് ശേഷം കുട്ടികൾക്ക് ഒന്നിച്ച് വിനോദയാത്രകൾ പോകാനുള്ള അവസരം ഒരുങ്ങിയേക്കും.

വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകളും തയാറായിക്കഴിഞ്ഞു. അധ്യാപകരും ഇതര ജീവനക്കാരും അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പേ സ്കൂളുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

രണ്ടുമാസമായി അടച്ചിട്ട ക്ലാസ് മുറികൾ വൃത്തിയാക്കുകയും സ്കൂൾ ബസുകൾ യാത്രാസജ്ജമാക്കുകയും ചെയ്തു. പുതിയ സ്കൂളുകൾ തുറക്കുന്ന സമയംകൂടിയാണിത്. അജ്മാനിൽ പേസ് ഗ്രൂപ്പിന്‍റെ ബ്രിട്ടീഷ് കരിക്കുലം സ്കൂൾ തുറക്കുന്നുണ്ട്.

പി.സി.ആർ ഫലം വേണം

അബൂദബി ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ 12ന് വിദ്യാർഥികളും സ്കൂൾ ജീവനക്കാരും 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആർ ഫലം ഹാജരാക്കണം. എന്നാൽ, ദുബൈയിലെ സ്കൂളുകൾ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. ഇന്ന് ക്ലാസിലെത്തുന്ന കുട്ടികളെല്ലാം പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. അടച്ചിട്ട ക്ലാസ് മുറികളിൽ മാസ്ക് നിർബന്ധമാണ്. ചെറിയ കുട്ടികൾക്കും കലാകായിക ഇനങ്ങളിൽ ഏർപ്പെടുന്നവർക്കും മാസ്ക് ധരിക്കുന്നതിൽ ഇളവുണ്ട്. അതേസമയം, സ്കൂളിൽ പ്രവേശിക്കുമ്പോഴുള്ള ശരീര ഊഷ്മാവ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - School will open today after summer break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.