അൽ ഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങൾ മധ്യവേനൽ അവധിക്കായി വ്യാഴാഴ്ച അടക്കും. ഇനി രണ്ടുമാസം അവധിക്കാലം.എന്നാൽ, യാത്രവിലക്ക് നിലനിൽക്കുന്നതിനാൽ കൃത്യ സമയത്ത് തിരികെയത്താൻ കഴിയുമോ എന്ന ആശയക്കുഴപ്പത്തിലാണ് രക്ഷിതാക്കൾ. അതിനാൽ പലരും യാത്ര മാറ്റിവെച്ചു. എന്നാൽ, യാത്രവിലക്ക് മൂലം കഴിഞ്ഞ വർഷത്തെ അവധിക്കും നാട്ടിൽ പോകാത്തവർ ഇക്കുറി രണ്ടും കൽപിച്ച് നാട്ടിലേക്ക് തിരിക്കുന്നുണ്ട്.
സാധാരണ മധ്യവേനൽ അവധിയെത്തിയാൽ കടുത്ത ചൂടിൽ നിന്ന് രക്ഷതേടി കുടുംബസമേതം നാട്ടിൽ പോയി അടുത്ത ബന്ധുക്കളെ സന്ദർശിക്കുന്നതും ആവോളം മഴ ആസ്വദിക്കുന്നതും പതിവായിരുന്നു. കോവിഡാണ് ഇതിന് വിലങ്ങുതടിയാകുന്നത്. വിമാന സർവിസ് എന്ന് തുടങ്ങും എന്ന് ഉറപ്പില്ലാത്തതിനാലാണ് പലരും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചത്.
വിദ്യാർഥികൾക്ക് രണ്ട് മാസം അവധിയാണെങ്കിലും രക്ഷിതാക്കളിൽ പലർക്കും ഒരുമാസത്തെ അവധിയേ ഉണ്ടാവൂ. എന്നാൽ, കഴിഞ്ഞ വർഷം നാട്ടിൽ പോകാൻ കഴിയാതിരുന്ന വിവിധ എമിറേറ്റ്സുകളിലെ സ്കൂൾ ജീവനക്കാരിൽ നല്ലൊരു വിഭാഗവും ഈ അവധിക്ക് നാട്ടിൽ പോകുന്നുണ്ട്. വൈകാതെ ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
അറബ് കരിക്കുലം അടക്കമുള്ള സ്കൂളുകളിൽ അധ്യയന വർഷം ഇന്ന് അവസാനിക്കും. മലയാളി കുട്ടികൾ ഏറെയുള്ള ഏഷ്യൻ കരിക്കുലം സ്കൂളുകളുടെ ഒന്നാം ടേമാണ് ഇന്ന് അവസാനിക്കുന്നത്. അവധി കഴിഞ്ഞ് ആഗസ്റ്റ് 29ന് തിരിച്ചെത്തുേമ്പാൾ രണ്ടാം ടേം തുടങ്ങും. അവധിക്കാലമാണെങ്കിലും വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് ചെയ്യാൻ നിരവധി പ്രവർത്തനങ്ങൾ നൽകിയാണ് യാത്രയാക്കുന്നത്. ഓൺലൈൻ പഠനമായതിനാൽ വിദ്യാർഥികൾക്ക് ക്ലാസുകൾ പലതും നഷ്ടമായിരുന്നു.
അവധിക്കാലം മുതലെടുത്ത് ഇത് പരിഹരിക്കാമെന്നാണ് പ്രതീക്ഷ. മധ്യവേനൽ അവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതോടെ അബൂദബി എമിറേറ്റിലെ 70 കുട്ടികളും ക്ലാസ്മുറികളിൽ എത്തുമെന്നാണ് പ്രതീക്ഷ. 80 ശതമാനം അധ്യാപകരും ഇതര ജീവനക്കാരും 12 വയസ്സുകഴിഞ്ഞ വിദ്യാർഥികളും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി.
അതേസമയം, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കിയതും ഫലം വൈകുന്നതും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.