അബൂദബി: ആറു മാസത്തിനിടെ അബൂദബിയിലെ കമ്യൂണിറ്റി പൊലീസിന്റെ സേവനം ലഭിച്ചത് 759,000 പേർക്ക്. വിവിധ സമുദായങ്ങൾക്കിടയിൽ സേവനം ഉറപ്പുവരുത്താനായി അബൂദബി പൊലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് രൂപവത്കരിച്ചതാണ് കമ്യൂണിറ്റി പൊലീസ് സംവിധാനം.
പൊതു ജനങ്ങളിൽ സുരക്ഷിതത്വ ബോധം ഉയർത്തുന്നതിനും വിവിധ പഠനവിഷയങ്ങളിൽ അവരെ ബോധവത്കരിക്കുന്നതിനുമായി നടത്തിയ ക്യാമ്പെയിനുകൾ, സന്ദർശനങ്ങൾ, വിവിധ പ്രോഗ്രാമുകൾ, ഫോൺ മെസേജുകൾ, കമ്യൂണിറ്റി കൗൺസിലുകൾ, വർക്ഷോപ്പുകൾ, കമ്യൂണിറ്റി സംരംഭങ്ങൾ തുടങ്ങിയവയിലൂടെയാണ് കമ്യൂണിറ്റി സേവനങ്ങൾ കൂടുതൽ പേരിലേക്കെത്തിയത്. ആറു മാസത്തിനിടെ അബൂദബി, അല്‍ ഐന്‍, അല്‍ ധഫ്ര എന്നിവിടങ്ങളിലായി 11 കമ്യൂണിറ്റി കൗണ്‍സിലുകളാണ് പൊലീസ് സംഘടിപ്പിച്ചത്.
കൂടാതെ കുടുംബ സുരക്ഷ ഉറപ്പാക്കല്‍, ഭീഷണിപ്പെടുത്തൽ തടയല്‍, സഹിഷ്ണുത നിലനിർത്തൽ, ഇന്റര്‍നെറ്റിന്റെ അപകടങ്ങൾ, ഇലക്ട്രോണിക് ഗെയിമിന്റെ പ്രത്യാഘാതം, കുട്ടികളുടെ സംരക്ഷണം തുടങ്ങി നിരവധി വിഷയങ്ങളില്‍ കമ്യൂണിറ്റി പൊലീസ് 128 വർക് ഷോപ്പുകളും ഇക്കാലയളവിൽ നടത്തി.
തൊഴിലാളികളെ വിദ്യാസമ്പന്നാരാക്കാൻ ലക്ഷ്യമിട്ടുള്ള 368 വിദ്യാഭ്യാസ സന്ദർശനങ്ങളും കമ്യൂണിറ്റി പൊലീസിന്റെ ഭാഗമായിരുന്നു. ഇലക്ട്രിക് ബൈക്കുകളുടെ അപകടം കുറക്കാനും കുട്ടികൾക്കിടയിൽ വിദ്വേഷകരമായ പെരുമാറ്റങ്ങൾ കുറക്കാനും ലക്ഷ്യമിട്ട് ‘സുരക്ഷിതമായ സ്കൂൾ’ എന്ന ബാനറിന് കീഴിൽ ആറ് കമ്യൂണിറ്റി സംരംഭങ്ങളും നടത്തിയിരുന്നു. യുവാക്കൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്താനായി ക്രിക്കറ്റ് മത്സരങ്ങളും റമദാനിൽ പ്രത്യേക ക്യാമ്പുകളും പൊലീസ് സംഘടിപ്പിച്ചിരുന്നു.
സമൂഹത്തിൽ സുരക്ഷയും സമാധാനവും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കമ്യൂണിറ്റി പൊലീസ് ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. ഹമൂദ് സഈദ് അൽ അഫറി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവയെ ഫലപ്രദമായി നേരിടുന്നതിനും പൊലീസുമായി സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനങ്ങളെ സേവിക്കാന്‍ വകുപ്പിനുള്ള സന്നദ്ധതയും പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.