ഷാർജ: കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകം ഷാർജയിൽ തുറക്കുന്നു. ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിന്‍റെ 14ാം എഡിഷൻ മേയ് മൂന്ന് മുതൽ 14 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കും. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന വായനോത്സവം ‘നിങ്ങളുടെ ബുദ്ധി ശക്തിയെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് അരങ്ങേറുന്നത്. കുട്ടിക്കാലം മുതൽ കുട്ടികളിൽ വായനാ സംസ്കാരം വളർത്തുന്നതിനൊപ്പം നല്ല സ്വഭാവങ്ങൾ ശീലമാക്കാനും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ വായനോത്സവത്തിന്‍റെ പ്രമേയം നിശ്ചയിച്ചത്.
12 ദിവസം നീളുന്ന മേളയിലേക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ട് വരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയുമാണ് പ്രവേശനം. പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും വിസ്മയങ്ങളുടെയും കലവറതന്നെയാണ് ഇവിടെ ഒരുക്കിയത്. വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, കല, വിനോദ, സാംസ്കാരിക മേഖലകളിലായി വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. സ്കൂളുകളിൽനിന്ന് ഒരുമിച്ചും അല്ലാതെയും വിദ്യാർഥികൾ വായനോത്സവത്തിൽ പങ്കെടുക്കാനെത്തും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
വെബ്സൈറ്റ് വഴിയും നേരിട്ടെത്തിയും സൗജന്യ രജിസ്ട്രേഷൻ നടത്താം. പ്രവാസി മലയാളികളടക്കമുള്ള കുട്ടികളുടെ പരിപാടികളും മേളയിലെ സജീവ കാഴ്ചയാണ്. പാചക പ്രദർശനം, മത്സരങ്ങൾ, നാടകം, കായിക പരിപാടികൾ എന്നിവയും വായനോത്സവത്തിന്‍റെ ഭാഗമാണ്. നിരവധി അന്താരാഷ്ട്ര എഴുത്തുകാർ വായനോത്സവത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. യുവതലമുറയെ അവരുടെ സർഗാത്മകതയുടെ ലോകത്തേക്ക് തുറന്ന് വിടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അറിവ് മെച്ചപ്പെടുത്താനുമാണ് വായനോത്സവം ലക്ഷ്യമിടുന്നത്.
പ്രശസ്തരുടെ നിര
പതിവുപോലെ ഇക്കുറിയും നിരവധി പ്രശസ്ത എഴുത്തുകാർ വായനോത്സവത്തെ സമ്പന്നമാക്കാൻ എത്തുന്നുണ്ട്. ഇംഗ്ലീഷ് ബാലസാഹിത്യത്തിൽ ഏറെ ശ്രദ്ധേയമായ ബട്ടം ഫിംഗേഴ്സിന്റെയും ലിസാർഡ് ഓഫ് ഓസിന്‍റെയും രചയിതാവ് എ. ഖൈറുന്നിസയാണ് ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖ. തമിഴ്നാട് സ്വദേശിയായ ഖൈറുന്നിസ പാതി മലയാളിയാണ്. ഇന്ത്യൻ എഴുത്തുകാരി സുധ മൂർത്തിയാണ് മറ്റൊരു പ്രമുഖ. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ കൂടിയാണ് സുധ മൂർത്തി. പവർ ഓഫ് യോഗയുടെ എഴുത്തുകാരി യാമിനി മുതന്ന, ഡോ. വത്സല എന്നിവരാണ് മറ്റൊരു ഇന്ത്യൻ സാന്നിധ്യം.
ബ്രിട്ടീഷ്, അമേരിക്കൻ എഴുത്തുകാരായ റോസ് വെൽഫോഡ്, ജാസ്മിൻ വർഗ, കനേഡിയൻ എഴുത്തുകാരൻ ഷാരോൺ കാമറൂൺ, അമേരിക്കിയുടെ ചെറി ജെ മെയ്നേഴ്സ്, ബ്രിട്ടീഷ് എഴുത്തുകാരി എല്ലീ റോബിൻസൺ, കെനിയയിൽ നിന്ന് ഷികോ എൻഗുരു, സ്കോട്ട്ലാൻഡിൽ നിന്ന് റോസ് മക്കൻസി, ഫ്രഞ്ച് എഴുത്തുകാരൻ ഡോ. ഫാബ്രൈസ് ജോമോണ്ട്, യു.കെയിൽ നിന്ന് തിമോത്തി ക്നാപ്മാൻ, മെക്സിക്കൻ എഴുത്തുകാരൻ ഫ്രാൻസിസ്ക മെൻഡിസ് എന്നിവരും വായനോത്സവത്തെ സമ്പന്നമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.