ഷാർജ: പരാതി റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെ 98 ശതമാനം സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണെന്ന് ഷാർജ പൊലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം.
കുടുംബ തർക്കങ്ങൾ, സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികൾ, വസ്തുക്കൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെ ഏതാണ്ട് മുഴുവൻ പൊലീസ് സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്.
പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുകയും നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ പൊലീസ് ഡയറക്ടർ കേണൽ യൂസുഫ് ബിൻ ഹർമൂൽ പറഞ്ഞു. ഓൺലൈനിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടർ നടപടി സ്വീകരിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ, ഔദ്യോഗിക രേഖ എന്നിവ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകാതെ അതിവേഗത്തിൽ റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനം സഹായിക്കും.
തുടർന്ന് ഇൻഷുറൻസ് കമ്പനികൾക്ക് ഹാജരാക്കാനുള്ള സാക്ഷ്യപത്രവും പൊലീസ് പരാതിക്കാർക്ക് ഓൺലൈനായി നൽകും. മറ്റ് കേസുകളിൽ താമസക്കാർ സ്റ്റേഷനിൽ ഹാജരാകാതെ തന്നെ ഉദ്യോഗസ്ഥർക്ക് പരാതികളിൽ അന്തിമ നടപടി സ്വീകരിക്കാനും സാധിക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികളിൽ വിഡിയോ കോൺഫറൻസ് വഴി ആയിരിക്കും പരാതിക്കാരുടെ മൊഴിയെടുക്കൽ.
സാമ്പത്തിക ഇടപാട് കേസുകളിൽ ആർക്കെതിരെയാണോ ഓൺലൈനിൽ പരാതി സമർപ്പിക്കുന്നത് അവർക്ക് സ്വമേധയാ യാത്ര വിലക്ക് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഇതു വഴി എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുമെന്നും കേണൽ യൂസുഫ് ബിൻ ഹർമൂൽ പറഞ്ഞു.
കുടുംബ തർക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വകാര്യത നിലനിർത്തുന്നതിനായി സാക്ഷിമൊഴികളും ഓൺലൈനായാണ് എടുക്കുക. എന്നാൽ, ഒരു കേസിന്റെ ഭാഗമായി കൈവശം െവച്ചിരിക്കുന്ന പാസ്പോർട്ട് മാറ്റി ലഭിക്കുന്നതുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ പൊലീസിന് കൈമാറേണ്ട വസ്തുക്കൾ കണ്ടെത്തുകയാണെങ്കിലോ താമസക്കാർ സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.