ഷാർജ: റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുകയും ഡ്രൈവിങ്ങിൽ മാന്യത പാലിക്കുകയും ചെയ്ത ഒമ്പത് വയോധികരെ ഷാർജ പൊലീസ് ആദരിച്ചു. ഷാർജ പൊലീസ് കമാൻഡർ -ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസിയുടെ നിർദേശപ്രകാരം ട്രാഫിക് ആൻഡ് പട്രോളിങ്, മനുഷ്യാവകാശ വിഭാഗം എന്നിവ സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.
പൊലീസ് ഓഫിസേഴ്‌സ് ക്ലബിൽ നടന്ന ചടങ്ങിൽ സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹമ്മദ് സയീദ് അൽ നൂർ, സോഷ്യൽ സപ്പോർട്ട് സെൻറർ ഡയറക്ടർ കേണൽ മോണ സുറൂർ, ട്രാഫിക് ആൻഡ് പട്രോളിങ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അല്ലെ അൽ നഖ്‌ബി എന്നിവർ സംബന്ധിച്ചു. സമൂഹത്തിലെ അംഗങ്ങളെ ബോധവത്കരിക്കുന്നതിൽ പ്രായമായവരുടെ പ്രധാന പങ്കിനെയും യുവതലമുറക്ക് അവരുടെ ജീവിതാനുഭവത്തെയും ബ്രിഗേഡിയർ അൽ നൂർ പ്രശംസിച്ചു. അവരുടെ അവബോധത്തിനും കമ്യൂണിറ്റി അംഗങ്ങളുടെ സുരക്ഷയോടുള്ള താൽപര്യത്തിനും ഏറ്റവും മികച്ച തെളിവാണ് അവരുടെ ശുദ്ധമായ ഡ്രൈവിങ് റെക്കോഡ്. റോഡുകളും പാലങ്ങളും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്‌തിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യം നിശ്ചയിച്ച ട്രാഫിക് നിയന്ത്രണങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും ഈ ബഹുമതി സ്ഥിരീകരിക്കുന്നുവെന്ന് അൽ നൂർ പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനുള്ള സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള സംരംഭത്തിന് ഷാർജ പൊലീസിന് നന്ദി രേഖപ്പെടുത്തുന്നു. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കുമായി മാതൃക പിന്തുടരാൻ അവർ പൊതുജനങ്ങളോട്, പ്രത്യേകിച്ച് ചെറുപ്പക്കാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.