പ്രവാസിയുടെ ചരിത്രത്തിന്റെ കാതലാണ് കത്ത് എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. സമാഹരിക്കാതെ പോയ പ്രണയ കാവ്യമെന്നോ വിരഹ കാവ്യമെന്നോ കത്തിനെ വിളിച്ചാൽ കൂടിപോകുകയുമില്ല. നെഞ്ചിലെ സങ്കടങ്ങളും സ്വപ്നങ്ങളും നാട്ടു ചിന്തകളും നഷ്ടപ്പെടലുകളും കഷ്ടപ്പാടുകളും നിറഞ്ഞ വിശേഷങ്ങളുമായി വരുന്ന കത്തുകൾക്കായി കണ്ണ് നട്ട് കാത്തിരുന്ന ഒരുകാലമുണ്ടായിരുന്നു മലയാളിക്ക്. മനുഷ്യന്റെ 79ാം അവയവമായി സെൽഫോൺ വന്നിട്ടും കാര്യങ്ങളെല്ലാം ലൈവായിട്ടും ആ കത്ത് കാലത്തിന്റെ ചാരുത ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ആ കത്തു കാലം വള്ളിപുള്ളി തെറ്റാതെ പറഞ്ഞുതരും ഷാർജ തപാലാപ്പീസ്.
ചരിത്ര പ്രസിദ്ധമായ റോളയിൽ 1963 ജുലൈ 10നാണ് ഷാർജ പോസ്റ്റോഫീസ് സ്ഥാപിതമാകുന്നത്. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ തന്നെ പ്രവാസത്തിലേക്കുള്ള തിരക്കും ആരംഭിച്ചിരുന്നു. പത്തേമാരിയിൽ യാത്ര തിരിച്ച് ഷാർജയുടെ ഭാഗമായ ഖോർഫക്കാനിൽ വന്നിറങ്ങിയവർക്ക്, ജീവനോടെ ഞങ്ങളിവിടെ എത്തിയിട്ടുണ്ടെന്നും ജീവൻ പോയ ചിലർ കടലിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നും അറിയിക്കാനുള്ള മാർഗമായിരുന്നു തപാൽ. യു.എ.ഇയുടെ പിറവിക്ക് മുൻപ് ആരംഭിച്ച ഈ തപാൽ സംവിധാനത്തിൽ ഷാർജയുടെ ഉപനഗരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിരുന്നു. ഗ്രാമീണ കാഴ്ച്ചകൾക്ക് പുറമെ, പ്രശസ്തരായ കളിക്കാരും എഴുത്തുകാരും ഭരണാധികാരികളും സ്റ്റാമ്പുകൾക്ക് അഴക് വിരിച്ചിരുന്നു.
ഷാർജയും ഉപനഗരങ്ങളും 1971 ഡിസംബർ രണ്ടിന് യുനൈറ്റഡ് അറബ് എമിറേറ്റിൽ ചേർന്നെങ്കിലും സ്വന്തം സ്റ്റാമ്പുകൾ പുറത്തിറക്കുന്നത് തുടർന്നു. 1972 ജൂലൈ 31ന് യു.എ.ഇ മുഴുവൻ തപാൽ ചുമതലകളും ഏറ്റെടുത്തെങ്കിലും 1973 ജനുവരി ഒന്നിന് ആദ്യത്തെ യു.എ.ഇ ഡെഫിനിറ്റീവ് സീരീസ് പുറപ്പെടുവിക്കുന്നതുവരെ ഷാർജ സ്വന്തം സ്റ്റാമ്പുകൾ ഉപയോഗിക്കുന്നത് തുടർന്നു. ഷാർജയുടെ സ്വന്തം സ്റ്റാമ്പ് ഉപയോഗിച്ച് നാട്ടിലേക്ക് കത്തയച്ച പൊന്നാനി സ്വദേശി കൊട്ടാരത്തിൽ കുഞ്ഞിമോൻക്ക പോയമാസമാണ് മരണപ്പെട്ടത്. സ്റ്റാമ്പുകളുടെ വലിയൊരു ശേഖരം ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.
ഒരു റിയാലിന്റെ സ്റ്റാമ്പായിരുന്നു ഷാർജ ആദ്യമായി അവതരിപ്പിച്ചത്. അർജൻറിന ഫുട്ബാൾ മാന്ത്രികൻ ആൽഫ്രെഡോ സ്റ്റെഫാനോ ഡി സ്റ്റെഫാനോ ഉൾപ്പെടെയുള്ള കളിക്കാരുടെ ചിത്രങ്ങൾ മുദ്രണം ചെയ്ത സ്റ്റാമ്പുകളും ഷാർജ ഈ കാലയളവിൽ ഇറക്കിയിരുന്നു. 1970കളിൽ പോസ്റ്റോഫീസ് കൂടുതൽ ജനകീയമായി. പ്രാവാസികളുടെ ഒഴുക്കും ഗൾഫ് മേഖലയുടെ അഭിവൃദ്ധിയുമായിരുന്നു ഇതിനുകാരണം. ഷാർജയിലെ പഴയ പോസ്റ്റോഫീസ് പുതിയതിന് വഴി മാറിയതും ഇതേ വർഷമായിരുന്നു. ഷാർജയുടെ പുരാതന ബദുവിയൻ ഗ്രാമമായ ഉമ്മുതറഫയിലാണ് ആധുനിക സൗകര്യങ്ങളും സാങ്കേതിക മേൻമകളും നിറഞ്ഞ ഇന്നത്തെ ആധുനിക പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. കത്തിനായി മലയാളികൾ കാത്തിരുന്ന കാലം ഇന്നും ഈ ഭാഗത്ത് സ്തംഭിച്ച് നിൽക്കുന്നതായി തോന്നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.