സിനിമകളിലെ നായകൻമാരുടെ യാത്രകൾ കാണുേമ്പാഴാണ് നമ്മുടെയുള്ളിലെ സഞ്ചാരികൾ പലപ്പോഴും ഉണരുന്നത്. നാടോടികളെ പോലെ അലഞ്ഞ് തിരിയുന്നതും വാഹനങ്ങളിൽ അന്തിയുറങ്ങന്നതുമെല്ലാം ഭൂരിപക്ഷം പേർക്കും സ്വപ്നം മാത്രമാണ്. ഇത്തരക്കാരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). യു.എ.ഇയിൽ ആദ്യമായാണ് ഇത്തരമൊരു ടൂറിസം പദ്ധതി വരുന്നത്. നിലവിൽ കാരവനിൽ രാപ്പാർക്കാനുള്ള പദ്ധതികൾ ഉണ്ടെങ്കിലും ഓരോ കാലവസ്ഥക്കനുസരിച്ചും ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ തമ്പടിക്കാനുള്ള പദ്ധതി ആദ്യത്തേതാണ്.
'നൊമാഡ്' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഓരോ സ്ഥലത്തെയും കാലാലവസ്ഥക്ക് അനുസരിച്ച് വാഹനം ഓടിക്കൊണ്ടിരിക്കും. നാടോടി ജീവിതത്തിന് സമാനമായി പ്രകൃതിയോടിണങ്ങി ട്രെയിലറുകളിൽ രാപ്പാർക്കാൻ കഴിയും.
അതിഥികൾക്ക് വ്യത്യസ്തമായ അനുഭവം പകരുന്ന അപൂർവപദ്ധതിയാണ് നൊമാഡ് ട്രെയിലർ സ്റ്റേ. മെലീഹയിലെ മരുഭൂമിയിലും ഖോർഫക്കാനിലെ മലനിരകളിലും ഹംരിയയിലെ ബീച്ച് പരപ്പുകളിലുമെല്ലാം ഈ ട്രെയിലറുകൾ ഓടിയെത്തും. യു.എ.ഇയുടെ വൈവിധ്യമാർന്ന കാഴ്ചകളിലെല്ലാം കാലാവസ്ഥക്ക് അനുയോജ്യമായി വിവിധ സമയങ്ങളിൽ നൊമാഡ് ട്രെയിലറുകൾ തമ്പടിക്കും. സാഹസികസഞ്ചാരികൾക്കും കുടുംബസഞ്ചാരികൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാവും ക്രമീകരണം. ഒരു ദിവസമോ കുറച്ചധികം ദിവസങ്ങളോ തങ്ങാനുള്ള സൗകര്യം ട്രെയിലറുകളിലുണ്ടാവും. പുതിയ ജീവിതശൈലികൾക്കാവശ്യമായ എല്ലാ അത്യാധുനിക സൗകര്യങ്ങളുമടങ്ങുന്ന താമസയിടങ്ങൾ, അതത് ഇടങ്ങളിലെ പ്രകൃതിയോടിണങ്ങുംവിധമാവും സജ്ജീകരിക്കുക. പ്രകൃതി സൗഹൃദ മാതൃകകൾ പിൻപറ്റിയായിരിക്കും പ്രവർത്തനം.
തണുപ്പ് കാലത്ത് മാത്രമല്ല, ചൂടുകാലത്തും ട്രെയിലർ സജീവമായിരിക്കും. ചൂടുകാലത്ത് പൊതുവെ സജീവത കുറയുന്ന ഗൾഫിലെ വിനോദസഞ്ചാരമേഖലക്ക് ഉണർവാകും ഈ പദ്ധതി. ഓരോ കാലാവസ്ഥക്കും അനുയോജ്യമായ ഇടങ്ങളിലേക്ക് മാറുന്നതിനാൽ സഞ്ചാരികൾക്ക് സൗകര്യപ്രദമായി തങ്ങാനും വേറിട്ട കാഴ്ചകൾ അനുഭവിക്കാനുമാവും. മലനിരകളിലും മരുഭൂമിയിലെ മണൽപരപ്പിലും കടൽത്തീരത്തുമെല്ലാമായി പ്രകൃതിയോടിണങ്ങി ചെലവഴിക്കുന്ന അവധിദിനങ്ങൾ എന്ന സങ്കൽപമാണ് ഇതുവഴി യാഥാർഥ്യമാകുന്നത്. ഹോട്ടൽ മുറികളിൽ നിന്ന് മാറി പുറം കാഴ്ചകളും സാഹസികതയും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് വേറിട്ട അനുഭവമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.