ഷാർജ: ഷാർജയുടെ ഉപനഗരവും കാർഷിക മേഖലയുമായ അൽദൈദിലെ അൽ ബ്രിദി വന്യജീവി സങ്കേതത്തിലെ സഫാരി പാർക്കിലേക്ക് നൂറിലധികം വ്യത്യസ്ത തരം അതിഥികളെത്തി. ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്കിലേക്കുള്ള വാതിൽ ഷാർജ തുറക്കുമെന്ന് അധികൃതർ പറഞ്ഞു. വിവിധ മൃഗങ്ങൾ, സസ്തനികൾ, പക്ഷികൾ ആഫ്രിക്കൻ വൈൽഡ് കടലാമകൾ, മുതലകൾ, ആഫ്രിക്കൻ റോക്ക് പൈത്തൺ, അരയന്നങ്ങൾ തുടങ്ങി അരലക്ഷത്തോളം മൃഗങ്ങളാണ് 16 ചതുരശ്ര കിലോമീറ്ററിലുള്ള സങ്കേതത്തിലേക്ക് എത്തുക.
വ്യത്യസ്ത ആഫ്രിക്കൻ മൃഗങ്ങളുടെ സാന്നിധ്യമുള്ള ഈ മേഖല ഇക്കോടൂറിസത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമാണെന്ന് ഷാർജ പരിസ്ഥിതി സംരക്ഷണ മേഖല അതോറിറ്റി ചെയർപേഴ്‌സൻ ഹാന സെയ്ഫ് അൽ സുവൈദി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുകയും പരിസ്ഥിതി സുസ്ഥിരത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ആഫ്രിക്കൻ വന്യജീവി ആവാസവ്യവസ്ഥ പുനഃസൃഷ്ടിക്കാനായി സഫാരി പാർക്ക് ശ്രദ്ധാപൂർവമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ജിറാഫുകൾക്കായി പ്രത്യേക അന്തരീക്ഷമുണ്ടാക്കി. സഫാരിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനായി ഇവയിലധികവും പുറത്തിറങ്ങിയിട്ടുണ്ട്.
മുതലകൾക്കായി തടാകങ്ങളും സിംഹങ്ങൾക്കായി പ്രത്യേകതരം ഗുഹകളും പൂർത്തിയായി. ആഫ്രിക്കൻ വനാന്തരങ്ങളിലെ കൊകരണികൾക്ക് സമാനമായ വാസസ്ഥലങ്ങളാണ് കണ്ടാമൃഗങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. പാർക്കിൽ സന്ദർശകർക്കായി ക്യാമ്പ് സൗകര്യങ്ങളും ഭക്ഷണശാലകളുമുണ്ടാകും. സഫാരി പാർക്കിന് ചുറ്റുമുള്ള അൽ ബ്രിദി റിസർവിന് ഏകദേശം 18.5 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ഷാർജ നിക്ഷേപ വികസന അതോറിറ്റിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.