ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കോവിഡ് വാക്സിൻ സ്വീകരിച്ചു. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. യു.എ.ഇയിലെ ആരോഗ്യപ്രവർത്തകർക്കും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമാണ് നിലവിൽ കോവിഡ് വാക്സിൻ നൽകി വരുന്നത്.
ചൈനയുടെ സിനോഫാം വാക്സിൻ വിതരണത്തിന് യു.എ.ഇ അനുമതി നൽകിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണം വിജയകരമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് വാക്സിന് അനുമതി നൽകിയത്. രണ്ടാഴ്ച മുമ്പ് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ വാക്സിൻ സ്വീകരിച്ചിരുന്നു.
ഒരാഴ്ച മുമ്പ് കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവിയും വാക്സിൻ സ്വീകരിച്ചു. മലയാളികൾ അടക്കം പതിനായിരക്കണക്കിന് പ്രവാസികൾ പരീക്ഷണ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചിരുന്നു. യു.എ.ഇ ദേശീയ പതാക ദിനത്തിലാണ് ശൈഖ് മുഹമ്മദ് വാക്സിൻ സ്വീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്.
ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെയെന്നും എല്ലാവരുടെയും അസുഖങ്ങൾ ഭേദമാവട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകത്ത് ആദ്യമായി കോവാിഡ് വാക്സിന് അനുമതി നൽകിയ രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. അതിനായി പ്രയത്നിച്ചവരെയും സ്വീകരിക്കാൻ മുൻകൈയെടുത്തവരെയും അഭിനന്ദിക്കുന്നു. യു.എ.ഇയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.