അബൂദബി: യു.എ.ഇ പൊതു വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അതിവേഗം അറ്റസ്റ്റ് ചെയ്ത് ലഭിക്കാൻ ഏകജാലക സംവിധാനമൊരുക്കി അധികൃതർ. ദിവസങ്ങൾ എടുത്തിരുന്ന പ്രക്രിയയാണ് പുതിയ സംവിധാനം വഴി മിനിറ്റുകൾക്കകം പൂർത്തിയാക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളത്.
വിദേശകാര്യ മന്ത്രാലയം എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റുമായി (ഇ.എസ്.ഇ) സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, സ്കൂൾ സർട്ടിഫിക്കറ്റ് ഇഷ്യു സേവനവുമായി ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനം സംയോജിപ്പിച്ചത്. ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഒരു നടപടിക്രമത്തിലൂടെ മൂന്ന് ഇടപാടുകൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. ഇതോടെ ആറ് ദിവസത്തിൽനിന്ന് മൂന്ന് മിനിറ്റായി സേവനം പൂർത്തീകരിക്കാനുള്ള സമയം കുറഞ്ഞിരിക്കുകയാണ്.
ഇടപാട് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്ന് ദിവസവുമായിരുന്നു നേരത്തേയുണ്ടായിരുന്നത്.
പുതിയ സംവിധാനം വന്നതോടെ കൊറിയർ സേവന ചെലവുകളും ഒഴിവാകും. ഈ സംരംഭം ഉപഭോക്താക്കൾക്ക് അറ്റസ്റ്റേഷൻ എളുപ്പത്തിലാക്കും. ഇ.എസ്.ഇ ഡിജിറ്റൽ ചാനലുകളിലൂടെയും വെബ്സൈറ്റിലൂടെയും അപേക്ഷകൾ നൽകാം. അപേക്ഷിക്കുമ്പോൾതന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും തിരഞ്ഞെടുക്കാം.
യു.എ.ഇയുടെ ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാ’മിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് സംരംഭം നടപ്പിലാക്കിയത്. ഇ.എസ്.ഇയുടെ ഡിജിറ്റൽ ചാനലുകളിലൂടെ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്കൂൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനം നൽകുന്നത് ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.