ദുബൈ: പ്രവാസ ലോകത്തെ വിദ്യാർഥി യുവജനങ്ങള്‍ക്കായി യു.എ.ഇ എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കമ്മിറ്റി ഒരുക്കുന്ന കലാ-സാഹിത്യ മത്സരമായ സര്‍ഗലയം ദേശീയതല മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ രാത്രി എട്ടു വരെ ദുബൈ അല്‍ഖൂസ് ഡ്യൂ വെയ്ല് സ്കൂളില്‍ നടക്കും. യു.എ.ഇയിലെ പത്തോളം സോണുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. 55 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, ജനറല്‍ ഗ്രൂപ് മത്സരങ്ങളും ഉണ്ടാകും. രാവിലെ എട്ടിന് സോണ്‍ നേതാക്കളും മത്സരാർഥികളും അണിനിരക്കുന്ന സര്‍ഗലയ പരേഡോടെയാണ് പരിപാടികള്‍ തുടങ്ങുക. ഉദ്ഘാടന സമ്മേളനം പാണക്കാട് അസീല്‍ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ഏഴ് വേദികളിലായി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, അറബി ഗാനം, കഥാപ്രസംഗം, കവിത, പ്രസംഗം, പ്രബന്ധം, ദഫ്, ബുര്‍ദ, ഗ്രൂപ് സോങ് തുടങ്ങിയ വ്യത്യസ്ത മത്സര പരിപാടികള്‍ നടക്കും. രണ്ടു വര്‍ഷത്തിലൊരിക്കലാണ് സര്‍ഗലയം നടത്തുന്നത്. സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ പ്രസിഡന്റ് ശുഐബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് പൈങ്കണ്ണിയൂര് ഉദ്ഘാടനം ചെയ്യും. ദുബൈ സുന്നി സെന്റര്‍ വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ദാരിമി അനുഗ്രഹ പ്രഭാഷണം നടത്തും. മുസ്തഫ മുണ്ടുപാറ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന്, മത്സര വിജയികള്‍ക്കും പ്രതിഭകള്‍ക്കും സമ്മാനദാനവും ഓവറോള്‍ കിരീടവും വിതരണം ചെയ്യും. യു.എ.ഇയിലെ മത-സാമൂഹിക- സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.