അൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കേരളത്തിലേക്ക് വിമാന ടിക്കറ്റിന് ക്രമാതീതമായി നിരക്ക് വർധിപ്പിച്ചതോടെ പ്രവാസികളിൽ വലിയൊരു വിഭാഗം പ്രതിസന്ധിയിൽ. യു.എ.ഇയിൽനിന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ജൂൺ അവസാനം മുതൽ മൂന്നും നാലും ഇരട്ടിയായാണ് വിവിധ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
ജൂലൈ രണ്ടുമുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിക്കുന്നത്. ജൂലൈ ഒമ്പതിനോ 10നോ ബലിപെരുന്നാളും എത്തുകയാണ്. ജൂലൈ ആദ്യവാരം യു.എ.ഇയിലെ വിവിധ വിനത്താവളങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്ക് 1500 മുതൽ 3000 ദിർഹം വരെയാണ് (30,000-60,000 ഇന്ത്യൻ രൂപ) വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. കൊച്ചിയിലേക്ക് 1400 ദിർഹം മുതൽ 3750 ദിർഹം വരെയും കോഴിക്കോട്ടേക്ക് 1350 ദിർഹം മുതൽ 2000 ദിർഹമും കണ്ണൂരിലേക്ക് 1350 ദിർഹം മുതൽ 2000 ദിർഹമുമാണ് നിലവിൽ വിമാന കമ്പനികൾ ഈടാക്കുന്നത്. ഓരോ ദിവസവും വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിക്കുകയുമാണ്. ഇതിൽ കോഴിക്കോട്ടേക്കാണ് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്നത്.
മധ്യവേനൽ അവധിക്കുശേഷം യു.എ.ഇയിലെ വിദ്യാലയങ്ങൾ ആഗസ്റ്റ് 29നാണ് തുറക്കുക. ആയതിനാൽ ആഗസ്റ്റ് അവസാന വാരം കേരളത്തിൽനിന്ന് യു.എ.ഇയിലേക്കും വിമാന കമ്പനികൾ ഈടാക്കുന്നത് കൊള്ളനിരക്കാണ്. ഈ സമയം 1100 ദിർഹം മുതൽ 1600 ദിർഹം വരെയാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.
ചുരുക്കത്തിൽ ഈ വേനലവധിക്കാലത്ത് നാട്ടിൽ പോയി തിരികെ വരണമെങ്കിൽ 2500 മുതൽ 4000 ദിർഹം വരെ ടിക്കറ്റിന് നൽകേണ്ടിവരും. സാധാരണ വേനൽക്കാല അവധിക്ക് ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കാറുള്ളതെങ്കിലും അതിനെ മറികടക്കാൻ മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയാണ് പലരും അവലംബിക്കാറുള്ളത്. കഴിഞ്ഞ മാർച്ച് 27 മുതലാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശ വിമാന സർവിസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും എടുത്തുകളയുന്നത്.
അതിനുശേഷം വിമാനക്കമ്പനികൾ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോഴും തുടക്കം മുതലേ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പ്രവാസി കുടുംബങ്ങളിൽ നല്ലൊരു ശതമാനവും നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ചിരുന്നു.
വിവിധ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വന്നതോടെ ഈ അവധിക്കാലത്തെങ്കിലും നാട്ടിലേക്ക് പോകണമെന്നാണ് പ്രവാസികളിൽ നല്ലൊരു വിഭാഗം ആഗ്രഹിക്കുന്നത്. സ്കൂൾ അവധിക്കാലത്ത് നാട്ടിൽ പോകുന്ന അധ്യാപകർക്കും മറ്റുമാണ് നിരക്ക് വർധന ഏറെ ബാധിക്കുക.
തിരക്കുള്ള സമയങ്ങളിൽ പ്രവാസികൾ കൂടുതലായി ആശ്രയിക്കുന്നത് യു.എ.ഇയിൽനിന്നുള്ള ഒമാൻ എയറിന്റെയും ഗൾഫ് എയറിന്റെയും ശ്രീലങ്കൻ എയർലൈൻസിന്റെയും കണക്ഷൻ സർവിസുകളാണ്. ഈ സർവിസുകളിൽ ചിലത് പൂർണമായും പൂർവസ്ഥിതിയിലാകാത്തതും ഇതിൽ ഒമാൻ എയറിന്റെ അബൂദബിയിൽനിന്നുള്ള സർവിസ് ഇതുവരെ പുനഃസ്ഥാപിക്കാത്തതും അബൂദബിയിൽനിന്നും കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് എയർവേസിന്റെ സർവിസുകൾ പുനരാരംഭിക്കാത്തതും പ്രവാസികൾക്ക് തിരിച്ചടിയാണ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്കൻ എയർലൈൻസിന്റെ ടിക്കറ്റ് എടുക്കാനും ആളുകൾ മടിക്കുകയാണ്. അബൂദബിയിൽനിന്നും എയർ അറേബ്യ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സർവിസ് പുതുതായി ആരംഭിച്ചത് മാത്രമാണ് ആശ്വാസം. എയർ അറേബ്യയുടെ അവധിക്കാല ഷെഡ്യൂളിൽ വളരെ കുറഞ്ഞ നിരക്കിൽ അബൂദബിയിൽനിന്നും കൊച്ചിയിലേക്കും തിരിച്ചും ഏതാനും ടിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഏപ്രിൽ ആദ്യവാരം അബൂദബിയിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചും ടിക്കറ്റ് എടുത്തവർക്ക് 1100നും 1300 ദിർഹമിനും ഇടയിൽ ടിക്കറ്റ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.