ഷാർജ: നാലു പതിറ്റാണ്ടോളംനീണ്ട പ്രവാസജീവിതത്തിന് തിരശ്ശീലയിട്ട് കണ്ണൂർ കടവത്തൂർ സ്വദേശി സൂപ്പിക്ക തിരികെ യാത്രയാവുന്നു. ഷാർജ അൽ ഖാസിമി ഹോസ്പിറ്റലിനു മുന്നിലുള്ള അൽ സുയൂസ് സൂപ്പർമാർക്കറ്റിലാണ് 39 വർഷത്തെ പ്രവാസത്തിൽ 35 വർഷവും സൂപ്പി ജോലിചെയ്തത്. വിരലിലെണ്ണാവുന്ന കെട്ടിടങ്ങളായിരുന്നു വന്ന കാലത്തുണ്ടായിരുന്നതെങ്കിൽ, തിരികെ പോകുമ്പോൾ എണ്ണിയാൽ തീരാത്ത വിധത്തിൽ കെട്ടിടങ്ങൾ പെരുകുകയും വാനോളം ഉയരുകയും ചെയ്തിരിക്കുന്നു.
സ്വന്തം പൗരന്മാരെപ്പോലെ സുരക്ഷിതത്തോടെയും സഹിഷ്ണുതയോടെയും ഇവിടത്തുകാർ അന്യനാട്ടുകാരെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.നീണ്ട പ്രവാസജീവിതത്തിനിടയിൽ ധാരാളം സ്വദേശികളുമായും വിദേശികളുമായും സൗഹൃദം സ്ഥാപിക്കാനായ സൂപ്പിക്കാക്ക് അറബികളുടെ സ്നേഹവായ്പ്പിെൻറ ധാരാളം അനുഭവസാക്ഷ്യങ്ങൾ ഓർത്തെടുക്കാനുണ്ട്.ഇത്രയുംകാല പ്രവാസജീവിതത്തിൽ സ്വദേശികളിൽ നിന്ന് ഒരു ദുരനുഭവം പോലുമുണ്ടായില്ല എന്നത് ഈ നാടിനോടുള്ള ഇഷ്ടത്തിെൻറ പ്രധാന കാരണമാണ്.
തനിക്ക് ജീവിത സൗഭാഗ്യങ്ങളെല്ലാം നൽകിയ നാട് വിടുന്നതിൽ വേദനയുണ്ടെങ്കിലും സ്വന്തം നാട്ടിലേക്ക് ആരോഗ്യത്തോടെ മടങ്ങിപ്പോകാനാകുന്നതിെൻറ സന്തോഷവുമുണ്ട്. ജീവിതത്തിൽ പഠിപ്പിച്ച അധ്വാനശീലവും സഹിഷ്ണുതയും സൗഹാർദവുമൊക്കെയാണ് തനിക്ക് പ്രവാസം നൽകിയ സമ്പാദ്യമെന്ന് സൂപ്പിക്ക പറയുന്നു.ശിഷ്ടജീവിതത്തിന് ഇതൊക്കെ മുതൽക്കൂട്ടാകുമെന്ന് വിശ്വസിക്കുന്നു. ഒരേ സ്ഥാപനത്തിൽ 35 വർഷം ജോലിചെയ്യാനായതിന് തലാൽ ഗ്രൂപ്പിനോടും സുയൂസ് സ്റ്റാഫ് ആൻഡ് മാനേജ്മെൻറിനോടും നന്ദി അറിയിക്കുന്നതോടൊപ്പംതെൻറ പ്രവാസജീവിതം കൊണ്ടുണ്ടാക്കിയ വലിയൊരു സൗഹൃദവലയത്തെ കൃതജ്ഞതയോടെ ഓർക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു കത്തെഴുതി മറുപടിക്കുവേണ്ടി മാസങ്ങളോളം കാത്തിരിക്കുന്ന കത്ത് കാല പ്രവാസിയിൽനിന്ന് സ്വന്തം കൈവെള്ളയിൽ പ്രിയപ്പെട്ടവരെ എപ്പോൾ വേണമെങ്കിലും കാണാവുന്ന വിഡിയോ കാൾ കാലത്തിലേക്ക് വളർന്നെങ്കിലും പ്രവാസികളുടെ പ്രശ്നങ്ങൾ അന്നുമിന്നും വലിയ മാറ്റമില്ലാതെ തുടരുന്നു എന്നത് സങ്കടകരമാണ്.ലോകത്തെ എല്ലാ ദേശക്കാരുമായും ഭാഷക്കാരുമായും മതക്കാരുമായും ഇടപഴകാൻ കിട്ടിയ അവസരം പ്രവാസ ജീവിതത്തെ ഏറ്റവും വലിയ അനുഗ്രഹമായാണ് കാണുന്നത്. ഭാര്യ: ബിയ്യാത്തു നാലുകണ്ടി. മക്കൾ: ആയിശ, മുനീറ, മുഹമ്മദ്, ഉമറുൽ ഫാറൂഖ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.